1

കുട്ടനാട് : അച്ഛൻ മരിച്ച് മണിക്കൂറുകൾ കഴിയുംമുമ്പേ നിറകണ്ണുകളോടെ എസ്.എസ്.എൽ.സി പരീക്ഷയെഴുതി ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥി ആദർശ്. ആദർശിന്റെ പിതാവ് നെടുമുടി കൊട്ടാരം ദേവി ക്ഷേത്രത്തിന് സമീപം പലചരക്ക് കട നടത്തിവന്ന നെടുമുടി തോട്ടുവാത്തല പാർവതി സദനത്തിൽ മധുസൂദനൻ ഇന്നലെ രാവിലെയാണ് നെഞ്ചുവേദനയെത്തുടർന്ന് മരിച്ചത്.

മറ്റു പരീക്ഷകളൊക്കെ മികച്ച രീതിയിൽ പൂർത്തിയാക്കിയ ആ‌ദർശ് ഇന്നലത്തെ രസതന്ത്രം പരീക്ഷയ്ക്കും തലേദിവസം രാത്രി ഉൾപ്പെടെ ഉറക്കമിളച്ചിരുന്ന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം നടത്തിയിരുന്നു. ഇതിനിടെയാണ് ഒട്ടും പ്രതീക്ഷിക്കാതെ അച്ഛന്റെ വേർപാടുണ്ടായത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മധുസൂദനൻ കുഴഞ്ഞുവീഴുകയായിരുന്നു.പിന്നാലെ മരിക്കുകയും ചെയ്തു. ഇതോടെ തളർന്നുപോയ ആദർശിനെ സുഹൃത്തുക്കൾ താങ്ങിപ്പിടിച്ചാണ് പരീക്ഷാഹാളിലെത്തിച്ചത്. മധുസൂദനന്റെ സംസ്ക്കാരം ഇന്നലെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ നടന്നു. ഭാര്യ: ഉഷാകുമാരി.