ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള പരാതികൾ സി-വിജിൽ ആപ്പിലൂടെ രേഖപ്പെടുത്തിയാൽ ഉടൻ നടപടിയുണ്ടാകും. പരാതി കിട്ടി 100 മിനിറ്റിനുള്ളിലാണ് നടപടിയെടുക്കുക. ആപ്പിൽ ചിത്രങ്ങൾ എടുക്കാനുള്ള സൗകര്യമുണ്ട്. ഇതുപയോഗിച്ച് എടുക്കുന്ന തത്സമയചിത്രങ്ങൾ മാത്രമേ പരാതിയായി അയക്കാനാകൂ. അപ്ലോഡ് ചെയ്യാനുള്ള സമയം അഞ്ചു മിനിറ്റാണ്.
ജില്ലയിൽ ആപ്പ് വഴി ഇതുവരെ 88 പരാതികൾ ലഭിച്ചു. ഇതിൽ 69 പരാതികൾ പരിഹരിക്കുകയും 17 എണ്ണം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒരെണ്ണം അന്വേഷണ ഘട്ടത്തിലും മറ്റൊന്ന് സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് മാറ്റിവെച്ചിരിക്കുകയാണ്. പ്ലേ സ്റ്റോറിലൂടെ സി-വിജിൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
എങ്ങനെ പരാതിപ്പെടാം?
ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഭാഷ തെരഞ്ഞെടുക്കണം
പേര് വെളിപ്പെടുത്തിയാണ് പരാതി നൽകുന്നതെങ്കിൽ മൊബൈൽ നമ്പർ നൽകുക
തുടർന്ന് ലഭിക്കുന്ന ഒ.ടി.പിയും വ്യക്തി വിവരങ്ങളും നൽകി ലോഗിൻ ചെയ്ത് പരാതി രേഖപ്പെടുത്താം
പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്തവർക്ക് അജ്ഞാതൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം
ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം
പരാതിക്കാരന്റെ ലൊക്കേഷൻ ആപ്പിൽ രേഖപ്പെടുത്തുന്നതോടെ ഫോട്ടോ /വീഡിയോ/ഓഡിയോ രൂപത്തിലുള്ള പരാതി നൽകാം
പരാതിയുടെ സ്വഭാവം, സംഭവത്തിന്റെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം
ആപ്പിൽ പ്രവേശിച്ച് അഞ്ച് മിനുട്ടിനകം നടപടികൾ പൂർത്തിയാക്കണം
ചട്ടലംഘനം കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെ പരാതി സമർപ്പിക്കണം.