yyy

ഹരിപ്പാട്: വലിയഴീക്കൽ പാലത്തിൽ സ്‌കൂട്ടറിൽ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ കോമന, പുതുവൽ ജിഷ്ണുനിവാസിൽ സന്തോഷ് കുമാറാണ് (54) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് അപകടം. ബോട്ടിലെ തൊഴിലാളിയായ സന്തോഷ് കുമാർ ജോലിക്ക് പോകാനായി ആലപ്പാട് അഴീക്കൽ ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ പാലത്തിന്റെ വളവു ഭാഗത്തുവെച്ച് എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ് തലയ്ക്ക് പിന്നിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷ്‌കുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടലിൽ പോകാനായി ഓട്ടോയിൽ വന്നിരുന്ന മത്സ്യത്തൊഴിലാളികളാണ് അപകടം കണ്ട് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഇടിച്ചശേഷം സ്‌കൂട്ടറിനെ കുറേ ദൂരം കാർ വലിച്ചുകൊണ്ടു പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കൊല്ലം കരുനാഗപ്പളളി പോരുവഴി സ്വദേശികളായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഭാര്യ: സിന്ധു. മക്കൾ: മയൂരി, ജിഷ്ണു.