photo

ആലപ്പുഴ: സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള ദേശീയപാത നവീകരണം അപകടം ക്ഷണിച്ചുവരുത്തുന്നു.അപകട സാദ്ധ്യതയുള്ള ഭാഗങ്ങളിൽ സിഗ്നൽ സ്റ്റിക്കർ പതിച്ച താത്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന ദേശീയപാത അതോർട്ടിയുടെ നിർദ്ദേശം പാലിക്കാതെയാണ് പലയിടത്തും നവീകരണം പുരോഗമിക്കുന്നത്. തോട്ടപ്പള്ളിയിലെ പുതിയ പാലത്തിന്റെ പില്ലറുകളുടെ അടിത്തട്ട് കോൺക്രീറ്റ്ചെയ്ത് ബലപ്പെടുത്താനായി കുഴിച്ച സ്ഥലത്ത് ഇരുചക്രവാഹനത്തെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രം വിട്ട കാർ മറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇരുചക്രവാഹനക്കാരനും കാർയാത്രികനും രക്ഷപ്പെട്ടത്. തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിനോട് ചേർക്കുള്ള ഭാഗത്തായിരുന്നു അപകടം.

നിർമ്മാണത്തിനായി ഇറക്കിയിട്ടിരിക്കുന്ന ഗ്രാവൽ കൊടും ചൂടിൽ കാറ്റടിച്ച് പറക്കുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ദുരിതമാകുന്നുണ്ട്.

പകൽ പൊടി,​ രാത്രി ഇരുട്ട്

1. ദേശീയപാത 66ന്റെ ഇവരുവശത്തെയും വഴിവിളക്കുകൾ നീക്കിയത് പ്രദേശത്തെ ഇരുട്ടിലാക്കി. കാൽനട, സൈക്കിൾ, ഇരുചക്രവാഹന യാത്രക്കാർക്ക് ഇത് വലിയ ഭീഷണിയാണ്. പുതിയ വൈദ്യുതി ലൈൻ സ്ഥാപിക്കാൻ ഇരുവശത്തും ഇലക്ട്രിക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും വിളക്കുകൾ സ്ഥാപിച്ചിട്ടില്ല

2. സിറ്റി ഗ്യാസിനായി പൈപ്പ് സ്ഥാപിക്കുന്നതിനായി കളർകോട് മുതൽ ജനറൽ ആശുപത്രി ജംഗ്ഷൻ വരെ പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയിലെ മണ്ണും ചെളിയും റോഡിന്റെ പലഭാഗങ്ങളിലായി വീണുകിടക്കുന്നത് തെന്നിവീണുള്ള അപകടങ്ങൾക്ക് കാരണമാകാറുണ്ട്

റീച്ചുകൾ : 3

വീതി: 45മീറ്റർ

നവീകരണം:

(കിലോമീറ്ററിൽ)​

#തുറവൂർ-പറവൂർ: 37.9

#പറവൂർ-കൊറ്റുകുളങ്ങര: 37.5

# കൊറ്റുകുളങ്ങര-ഓച്ചിറ: 11

നവീകരണം പുരോഗമിക്കുന്ന ദേശീയപാതയിൽ മാനദണ്ഡങ്ങൾ പാലിക്കാൻ ദേശീയപാത അതോർട്ടി കരാർ കമ്പനിക്ക് നിർദ്ദേശം നൽകണം

-പ്രതാപൻ, ആട്ടോറിക്ഷ തൊഴിലാളി