road

ആലപ്പുഴ: നാലുവർഷം മുമ്പ് പൊളിച്ചിട്ട റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥികളേ,​ നിങ്ങൾക്ക് തരാൻ ഞങ്ങളുടെ കൈയിൽ വോട്ടില്ല! ആലപ്പുഴ നഗരത്തിലെ പഴവീട് വാർഡിൽ അത്തിത്തറ - കാവിത്തോട് റോഡിന്റെ ശോച്യാവസ്ഥയിൽ മനം മടുത്ത നാട്ടുകാരുടെ പ്രതിഷേധ പ്രഖ്യാപനമാണിത്. ടാർപൊളിഞ്ഞു തുടങ്ങിയ റോഡിനെ നാല് വർഷം മുമ്പ് ജെ.സി.ബി ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയായിരുന്നു. നിരവധി നിവേദനങ്ങൾക്ക് ശേഷം ആറ് മാസം മുമ്പ് റോഡിൽ മെറ്റൽ പാകി. ആദ്യ ഘട്ടമായി മുന്നൂറ് മീറ്റർ റോഡ് ടാറിടുമെന്ന് അറിയിപ്പുംകിട്ടി. എന്നാൽ,​ പ്രദേശത്ത് ഫൈബർ കേബിളിടുന്നതിന്റെ ഭാഗമായി വീണ്ടും പണി നീട്ടിവച്ചു. ഇതിനായി പല തവണ റോഡ് കുത്തിപൊളിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് നവീകരണം അനിശ്ചിതമായതോടെയാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിലേക്ക് നാട്ടുകാരെത്തിയത്.

റോഡ് കുത്തിപ്പൊളിച്ചിട്ട് 4 വർഷം

1.ചന്ദനക്കാവ് ജംഗ്ഷന് സമീപം അത്തിത്തറ ക്ഷേത്രത്തിലേക്കുള്ള റോഡ് മുതൽ ക്ഷേത്രത്തിന് മുന്നിലൂടെ പടിഞ്ഞാറ് വശത്തെ പ്രധാന റോഡിലെത്തുന്നതുവരെയുള്ള രണ്ട് കിലോമീറ്ററോളമാണ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്.

2.ആളുകൾ മെറ്റലിൽ തട്ടി വീഴുന്നതും നിയന്ത്രണം തെറ്റി വാഹനങ്ങൾ മറിയുന്നതും ഇവിടെ പതിവാണ്. റോഡിൽ തട്ടിവീണ് സ്കൂൾ വിദ്യാർത്ഥിയുടെ തോളെല്ല് പൊട്ടിയ സംഭവം വരെയുണ്ടായിട്ടുണ്ട്

3.അത്തിത്തറ ക്ഷേത്രം, സി.എ ഇൻസ്റ്റിട്ട്യൂട്ട്, മുട്ടത്ത് കളരി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെത്തുന്നവരും റോഡിന്റെ ദുരിതാവസ്ഥ കാരണം വലഞ്ഞിരിക്കുകയാണ്. പൊളിഞ്ഞുകിടക്കുന്ന റോഡിലെ പൊടിശല്യം കാരണം ജനങ്ങൾ രോഗഭീതിയിലാണ്

4.കാവിത്തോട്ടിൽ അടിഞ്ഞു കിടന്ന പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യം നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ കോരി കൂമ്പാരമായി വച്ചിരിക്കുന്നതും ഈ റോഡിന്റെ വശങ്ങളിലാണ്

മതത്തിന്റെയോ,​ രാഷ്ട്രീയത്തിന്റെയോ സ്വാധീനമില്ലാതെ നാട്ടുകാർ കൂട്ടായെടുത്ത തീരുമാനമാണ് വോട്ട് ബഹിഷ്ക്കരണം. ഇത് ആരെയും വെല്ലുവിളിക്കാനല്ല,​ ഞങ്ങളുടെ അടിസ്ഥാന ആവശ്യം നിവൃത്തിക്കാനാണ്

വി.എസ്.മഹേഷ്, സെക്രട്ടറി,​ അത്തിത്തറ റെസിഡന്റ്സ് അസോ.