p

ആലപ്പുഴ: സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് പരോളിലിറങ്ങി മുങ്ങിയ ജീവപര്യന്തം തടവുകാരെ കണ്ടെത്താൻ ഇവരുടെ പട്ടിക ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറും. 67 കൊലക്കേസ് പ്രതികളുൾപ്പെടെ 70 പേർ പരോളിലിറങ്ങി മുങ്ങിയെന്ന് കേരളകൗമുദി ഇന്നലെ വാർത്ത നൽകിയതിനെ തുടർന്ന് ജയിൽ ഡി.ജി.പി ബൽറാംകുമാർ ഉപാദ്ധ്യായയുടേതാണ് നിർദ്ദേശം. മുങ്ങിയവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കും. തമിഴ്നാട്, പശ്ചിമ ബംഗാൾ സ്വദേശികളായ ജീവപര്യന്തം തടവുകാരും മുങ്ങിയവരുടെ പട്ടികയിലുണ്ട്. ഇവരെ കണ്ടെത്താൻ അതത് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുടെ സഹായം തേടും.

നെട്ടുകാൽത്തേരി, പൂജപ്പുര, കണ്ണൂർ, ചീമേനി, വിയ്യൂർ ജയിലുകളിൽ നിന്ന് 1990 മുതൽ 2022 വരെ പരോളിലിറങ്ങിയവാരണ് രക്ഷപ്പെട്ട 70 പേരും.

അടവ് പയറ്റി രക്ഷപ്പെടും

 പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി അടുത്തിടെ പാറശാലയിലെത്തിയ വിവരമറിഞ്ഞ് പൊലീസ് വളഞ്ഞപ്പോൾ കഴുത്തിൽ കത്തിയമർത്തി ആത്മഹത്യാഭീഷണി മുഴക്കി രക്ഷപ്പെട്ടു

 ഇടുക്കിയിൽ പരോൾ പ്രതി പെട്രോൾ ശരീരത്തിലൊഴിച്ച് സിഗററ്റ് ലൈറ്റർ കത്തിച്ച് പിടിച്ചാണ് പൊലീസിന് പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടത്