ആലപ്പുഴ: നീണ്ടു കിടക്കുന്ന പ്രചരണ നാളുകൾ എങ്ങനെ സജീവമാക്കാം എന്ന ആലോചനയിലാണ് മുന്നണികൾ. വളരെ നേരത്തെ പ്രചരണം ആരംഭിച്ച ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന് വോട്ട് തേടി പുത്തൻ വീഡിയോകളാണ് ഓരോ ദിവസവും നവ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. ആരിഫിന്റെ സ്വന്തം കലാലയമായ ആലപ്പുഴ എസ്.ഡി കോളേജ് വിദ്യാർത്ഥികളാണ് വീഡിയോകളിലെ അവതാരകർ. അരികിലുണ്ട് ആരിഫ് എന്ന ടാഗ് ലൈനുമായാണ് വിദ്യാർത്ഥികളുടെ വീഡിയോകൾ. സ്ഥാനാർത്ഥിയുടെ മുൻകാല വികസനപ്രവർത്തനങ്ങളും നിലപാടും വിശദീകരിക്കുന്നവയാണ് ഇവ.

വിഡീയോകൾക്ക് പുറമേ വിജയഗീതങ്ങൾ എന്ന പേരിൽ തിരഞ്ഞെടുപ്പ് പ്രചരണ ഗാനങ്ങളും പുറത്തിറക്കി. ചലച്ചിത്ര താരങ്ങളായ ഹരിശ്രീ അശോകൻ, നാദിർഷാ, വീണാ നായർ എന്നിവർ ചേർന്നാണ് ഗാനങ്ങളുടെ സി.ഡി പ്രകാശനം ചെയ്തത്. ദലീമ ജോജോ എം.എൽ.എ, പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മി, സുദീപ് കുമാർ തുടങ്ങി നിരവധി ഗായകരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മേജർ രവിയെ കളത്തിലിറക്കിയാണ് ആലപ്പുഴ മണ്ഡലത്തിൽ എൻ.ഡി.എ താരപരിവേഷം അലയടിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മേജർ രവി ശോഭാസുരേന്ദ്രന്റെ റോഡ് ഷോയിലാണ് ഇന്നലെ ഭാഗമായത്. 23ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ മണ്ഡലത്തിൽ തിരിച്ചെത്തുമ്പോൾ താരങ്ങളെ അണിനിരത്തിയുള്ള പ്രചരണ പരിപാടികൾ കോൺഗ്രസും ആരംഭിക്കും.