ആലപ്പുഴ : നാടാകെ ചൂടിൽ വെന്തുരുകുമ്പോഴും ആവേശം തെല്ലുപോലും തണുപ്പിക്കാതെ പ്രചാരണവുമായി മുന്നേറുകയാണ് സ്ഥാനാർത്ഥികൾ. ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് ഇന്നലെ രാവിലെ തുമ്പോളി കപ്പുച്ചിൻ ആശ്രമത്തിൽ നിന്നാണ് സന്ദർശനം ആരംഭിച്ചത്. ആശ്രമം സുപ്പീരിയർ അലക്‌സ് ജോസഫിന്റെ അനുഗ്രഹം വാങ്ങി. തുടർന്ന് കൃപാസനത്തിൽ എത്തിയ സ്ഥാനാർത്ഥിയെ ഡയറക്ടർ ഫാ. വി.പിജോസഫ്, ഫാ.ക്ലിന്റൻ എന്നിവർ സ്വീകരിച്ചു. പിന്നീട് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജും, കരുവാറ്റ യു.ഐ.ടിയും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. ആട് ജീവിതം നോവലിലെ കേന്ദ്ര കഥാപാത്രമായ നജീബിനെ നേരിട്ട് കണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ആറാട്ടുപുഴ കള്ളികാട് കാളകെട്ട് ചടങ്ങ് പ്രദേശത്തായിരുന്നു വോട്ടഭ്യർത്ഥന.
യു.ഡി.എഫിന്റെ മണ്ഡലം തല കൺവൻഷനുകളാണ് ഇന്നലെ നടന്നത്. വി.ടി.ബൽറാം, ഷാനിമോൾ ഉസ്മാൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ.ജോബ്, മുൻ എം.എൽ.എ ഡി.സുഗതൻ, അഡ്വ.എം.ലിജു, അഡ്വ. ജോൺസൺ എബ്രഹാം തുടങ്ങി വിവിധ നേതാക്കൾ വിവിധ മണ്ഡലം യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. 23, 24, 25 തിയതികളിൽ വിവിധ നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന പ്രചരണ പരിപാടികളിൽ സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ പങ്കെടുക്കും.
മുഹമ്മ സെന്റ് ജോർജ്ജ് ഫെറോന പള്ളിയിൽ നിന്നാണ് ശോഭാ സുരേന്ദ്രന്റെ ഇന്നലത്തെ പ്രചരണം ആരംഭിച്ചത്. തുടർന്ന് ചാക്ക് നിർമ്മാണ ഫാക്ടറി സന്ദർശിച്ചു. കുമാരപുരം ക്ഷേത്രം, സെന്റ് ജോർജ്ജ് പള്ളിവക മഠം , സ്വാമി അയ്യപ്പൻ താമസിച്ച് കളരി പഠനം നടത്തിയ ചീരപ്പൻചിറ കളരി എന്നിവ സന്ദർശിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് മെമ്പറും ബി.ജെ.പി മുൻ ചേർത്തല മണ്ഡലം പ്രസിഡന്റുമായിരുന്ന സാനു സുധീന്ദ്രന്റെ വീട്ടിലെത്തി ചിത്രത്തിന് മുന്നിലും പി,പരമേശ്വരന്റെ സ്മൃതി കുടീരത്തിലും പുഷ്പാർച്ചന നടത്തി. കാവുങ്കൽ - കൈചൂണ്ടി മുക്ക് - കൊമ്മാടി - ആരാട്ട് വഴി ജംഗ്ഷൻ - മാളികമുക്ക് ജംഗ്ഷൻ - കണിച്ചുകുളങ്ങര പടിഞ്ഞാറെ ജംഗ്ഷൻ വഴി നടത്തിയ റോഡ് ഷോ കാണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് സമാപിച്ചത്.