ചേർത്തല: തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ്‌മേരീസ് ഫൊറോനപള്ളിയിൽ വിശുദ്ധവാരാചരണത്തിന് ഒരുക്കമായി. 24 മുതൽ 31വരെയാണ് അത്ഭുത തിരുസ്വരൂപ പ്രതിഷ്ഠയുടെ 88ാം വാർഷികവും തിരുസ്വരൂപ വണക്കവും ഉൾപ്പടെയുള്ള വാരാചരണം. ഒരുമാസമായി നടന്നുവരുന്ന വലിയനോമ്പ് തീർത്ഥാടനത്തിന്റെ തുടർച്ചയായാണ് വാരാചരണം. ഏഴു വർഷങ്ങൾക്ക് ശേഷം കർത്താവിന്റെ അത്ഭുത തിരുസ്വരൂപം പൊതുവണക്കത്തിനും നഗരികാണിക്കലിനുമായി പുറത്തിറക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന്
അസോസിയേറ്റ് വികാരി ഫാ.ബെന്നിതോപ്പി പറമ്പിൽ, ട്രസ്റ്റി ഷാജി മരക്കാശ്ശേരിൽ,പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടി.ഡി.മൈക്കിൾ,കൺവീനർമാരായ കെ.ജെ.സെബാസ്റ്റ്യൻ,ജോസ് ബാബു,ജോസ് സേവ്യർ എന്നിവർ അറിയിച്ചു.
24ന് കുരുത്തോല പെരുന്നാളോടെയാണ് തുടക്കം. വികാരി ഫാ.ജോർജ്ജ് എടേഴത്തിന്റെ കാർമ്മികത്വത്തിൽ കുരുത്തോല വെഞ്ചരിപ്പും ഓശാന പ്രദക്ഷിണവും നടക്കും. 28 ന് പെസഹാ വ്യാഴ ദിനത്തിൽ നടക്കുന്ന സമൂഹബലിയിൽ ഫാ.ജോസഫ്പുത്തൻപുരക്കൽ സംസാരിക്കും. തുടർന്ന് കാൽകഴുകൽ ശുശ്രൂഷ,ദിവ്യകാരുണ്യ പ്രദക്ഷിണം,7ന് മാനവ മൈത്രി ദീപക്കാഴ്ച ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.12ന് അത്ഭുത തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രത്യേക പന്തലിൽ പ്രതിഷ്ഠിക്കും. കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ കാർമ്മികനാകും.12.30ന് കുരിശിന്റെ വഴി.
29ന് രാവിലെ 10ന് കല്ലറജപം,11ന് പുത്തൻപാന,വൈകിട്ടു 3മുതൽ കുരിശുവന്ദനം,ദിവ്യകാരുണ്യ സ്വീകരണം,4ന് ഡോ.ആന്റണി പൊൻവേലിലിന്റെ നേതൃത്വത്തിൽ പീഡാനുഭവ പ്രസംഗം,5ന് നഗരികാണിക്കൽ,രാത്രി 10 ന്കല്ലറജപം,12ന് കബറടക്കം.30ന് വലിയ ശനിയിൽ രാവിലെ 11ന് തീ തിര വെള്ളം വെഞ്ചരിപ്പ്,തുടർന്ന് പ്രദക്ഷിണം.,31ന് ഈസ്റ്റർ ദിവ്യബലി.
വിവിധ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ജനതിരക്ക് നിയന്ത്രിക്കാനും ക്രമീകരിക്കാനും പൊലീസിനൊപ്പം 2000 വാളണ്ടിയർമാരെയും സജ്ജമാക്കിയിട്ടുണ്ട്.