ആലപ്പുഴ: പ്രചരണം ശക്തമാക്കി മൂന്ന് മുന്നണികളും മാവേലിക്കര മണ്ഡലത്തിൽ സജീവമായി. ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് നിയോജകമണ്ഡലം കൺവൻഷനുകളിൽ പങ്കെടുത്തും എൻ.ഡി.എ സ്ഥാനാർത്ഥി​ ബൈജുകലാശാല റോഡ് ഷോ നടത്തി​യും നി​റഞ്ഞപ്പോൾ എൽ.ഡി.എഫിലെ സി.എ.അരുൺകുമാറി​ന്റെ പ്രചാരണം കൊട്ടരക്കരയി​ലായി​രുന്നു.

പത്തനാപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലം കൺവൻഷനുകളിൽ കൊടിക്കുന്നിൽ സുരേഷ് പങ്കെടുത്തു. രാവിലെ പത്തനാപുരം മിനർവാ തീയേറ്ററിൽ നടന്ന കൺവൻഷൻ എ.ഐ.സി.സി സെക്രട്ടറി പി.വിഷ്ണുനാഥും വൈകിട്ട് കൊട്ടാരക്കരയിലെ കൺവൻഷൻ കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസനും ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 8മണിമുതൽ കൊട്ടാരക്കര, കുന്നത്തൂർ, മാവേലിക്കര മണ്ഡലങ്ങളിലെ കശുഅണ്ടി ഫാക്ടറികളി​ലെ തൊഴിലാളികളെ സന്ദർശിക്കും.

രാവിലെ ചങ്ങനാശ്ശേരി നിയമസഭ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല സന്ദർശനം നടത്തി. പൗരപ്രമുഖരെയും വിവിധ സാമുദായിക സംഘടനാ നേതാക്കളെയും കണ്ടു. വൈകിട്ട് കുട്ടനാട് മണ്ഡലത്തിലെ റോഡ് ഷോ കിടങ്ങറയിൽ നിന്ന് ആരംഭിച്ച് രാമങ്കരിയിൽ സമാപിച്ചു. ഇന്ന് കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തും.

ഇന്നലെ രാവിലെ കൊട്ടാരക്കര എസ്.ടി കോളേജിലെ വിദ്യാർത്ഥികളുമായി എൽ.ഡി.എഫിലെ സി.എ.അരുൺകുമാർ സംവദിച്ചു. കൊട്ടാരക്കര കൊളത്തറ പ്രദേശത്ത് തൊഴിലാളികൾ, യുവജനങ്ങൾ, വ്യാപാരികൾ, പ്രധാന വ്യക്തികൾ എന്നിവരെ കണ്ടു. ഉച്ചയ്ക്ക് ശേഷം കൊട്ടാരക്കര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റോഡ് ഷോയി​ലും പത്തനാപാരത്ത് കുടുംബയോഗങ്ങളിലും പങ്കെടുത്തു. ഇന്ന് ഉച്ചക്ക് ശേഷം മാവേലിക്കരയിലെ വിവിധ പ്രദേശങ്ങളിലാണ് പര്യടനം.