ആലപ്പുഴ : സിനിമ മോശമാണെന്ന് ആരോപിച്ച് തീയേറ്ററിൽ എത്തി ഇരിപ്പിടം നശിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ ആലപ്പുഴ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കോമളപുരം സ്വദേശി ബിജു, തത്തംപള്ളി സ്വദേശി ഷിബു എന്നിവരെയാണ് പിടികൂടിയത്.

11ന് വൈകിട്ട് 5.15ന് നഗരത്തിൽ കൈചൂണ്ടിമുക്കിലുള്ള പാൻ സിനിമാസിലായിരുന്നു സംഭവം. 5.15ന് പ്രദർശനം നടത്തിയ സിനിമ കാണാൻ എത്തി ടിക്കറ്റ് എടുത്ത ശേഷം അകത്ത് കടന്ന ബിജുവും ഷിബുവും കാണികൾ കുറഞ്ഞ ഭാഗത്ത് എത്തി കൈയിൽ കരുതിയ മദ്യം തിയേറ്ററിനുള്ളിൽ ഇരുന്ന് കഴിച്ചു. തുടർന്ന് ചിത്രം മോശമെന്ന് ആരോപിച്ച് ഉച്ചത്തിൽ സംസാരം ഉണ്ടായപ്പോൾ ജീവനക്കാർ ഇടപെട്ടു. തുടർന്ന് ഇരുവരും തീയേറ്റർ വിട്ടുപോയി. പിന്നീട് ഷോ കഴിഞ്ഞ് ക്ളീനിംഗിന് എത്തിയ ജീവനക്കാരാണ് സീറ്റ് നശിപ്പിച്ചതായി കണ്ടെത്. മാനേജർ ജോബി തീയേറ്ററിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇരുവരും തീയേറ്ററിനുള്ളിൽ കയറിയ ശേഷം മദ്യപിക്കുന്നതും വിലപിടിപ്പുള്ള സീറ്റ് നശിപ്പിച്ചിക്കുന്നതും വ്യക്തമായി. ഈ ദൃശ്യങ്ങൾ പൊലീസിന് കൈമാറി രേഖാമൂലം പരാതി നൽകിയതിനെത്തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. 50,000രൂപയുടെ നഷ്ടം സംഭവിച്ചതായി മാനേജർ പറഞ്ഞു.