
#കഥാപ്രസംഗ രംഗത്ത് അരനൂറ്റാണ്ട്
കായംകുളം : കായംകുളത്തിന്റെ കലാ, സാംസ്കാരിക പൈതൃകത്തിന്റെ പിൻമുറക്കാരി കായംകുളം വിമല, കഥപറച്ചിലിന്റെ സുവർണ്ണജൂബിലി നിറവിൽ. സ്വദേശത്തും വിദേശത്തുമായി
ആയിരക്കണക്കിന് വേദികളിൽ സാന്നിദ്ധ്യമറിയിച്ച ഈ കാഥികയുടെ അരനൂറ്റാണ്ട് പിന്നിടുന്ന കലാജീവിതം ജന്മനാട് ആഘോഷമാക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9ന് കായംകുളം എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കാഥികർ ഉൾപ്പടെ പ്രമുഖർ പങ്കെടുക്കും.
പത്താം വയസിൽ വീടിനടുത്തെ ക്ഷേത്രത്തിൽ വീണ എന്ന കഥ അവതരിപ്പിച്ചു കൊണ്ടായിരുന്നു വിമലയുടെ തുടക്കം. ആലപ്പി സദാനന്ദൻ ശിക്ഷണത്തിലായിരുന്നു അത്. പിന്നീട് വിമലയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികൾ, നിറഞ്ഞ കരഘോഷങ്ങൾ. എസ്.കെ.പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, തകഴിയുടെ ഏണിപ്പടികൾ, എ.പി.ഗോപാലന്റെ പുഷ്പഹാരം, പ്രയാർഗോപാലകൃഷ്ണന്റെ ധനുസ് പൊടിഞ്ഞ ശരം, ഇന്ദിരാപ്രിയദർശിനി തുടങ്ങി നിരവധി കഥകളെ വേദിയിൽ വിമല സൂപ്പർഹിറ്റുകളാക്കി.
പുള്ളിക്കണക്ക് കടമ്പാട്ടുവീട്ടിൽ മാധവൻ - ഭാർഗ്ഗവി ദമ്പതികളുടെ ആറാമത്തെ മകളാണ് വിമല.
പതിനഞ്ചാമത്തെ വയസിൽ ആകാശവാണിയിലെത്തിയ അവർ താമസിയാതെ എ.ഗ്രേഡ്ആർട്ടിസ്റ്റായി. പിന്നീട് കായംകുളം എസ്.എൻ. വിദ്യാപീഠം, ടൗൺ യു.പി സ്കൂൾ എന്നിവിടങ്ങളിൽ സംഗീത അദ്ധ്യാപികയായി. തബലിസ്റ്റായ കരീലക്കുളങ്ങര അശ്വനിയിൽ എ.രത്നാകരൻ ആണ് ഭർത്താവ്. ഏകമകൻ അശ്വിനിരത്നൻ ന്യൂസിലാൻഡിൽ ഐ.ടി.മേഖലയിൽ ജോലിചെയ്യുന്നു.
ഏഴായിരം വേദികൾ
പിന്നിട്ട് 'ഗുരുദേവൻ'
ശ്രീനാരായണ ഗുരുദേവന്റെ ജീവിതം ആസ്പദമാക്കി 'ഗുരുദേവൻ' എന്ന കഥാപ്രസംഗം കഴിഞ്ഞ 38 വർഷമായി അവതരിപ്പിച്ചുവരികയാണ് വിമല. 7000ത്തിലധികം വേദികൾ ഇതിനകം പിന്നിട്ടുകഴിഞ്ഞു. ഗുരുദേവനെക്കുറിച്ചുള്ള നാല്പതോളം കൃതികൾ പഠിച്ചും
പ്രൊഫ.എം.കെ.സാനുവിന്റെ 'ഗുരു'എന്ന പുസ്തകത്തെ അധികരിച്ചുമാണ് 'ഗുരുദേവന്റെ' കഥ രൂപപ്പെടുത്തിയതെന്ന് വിമല പറയുന്നു. പരേതനായ ടി.വി. ജേക്കബ് ആണ് അത് കഥാപ്രസംഗ രൂപത്തിലാക്കിയത്. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയാണ് മേൽനോട്ടം വഹിച്ചത്.
ശിവഗിരിയിലായിരുന്നു ആദ്യ അവതരണം.