
ആലപ്പുഴ: ചൂട് കടുക്കുകയും വേനൽ മഴ കനിയാതിരിക്കുകയും ചെയ്തതോടെ വരൾച്ചയുടെ പിടിയിലായ ജില്ലയിൽ വ്യാപകകൃഷി നാശം. കുടിവെള്ളംപോലും ദുർലഭമായ നൂറനാട്, പാലമേൽ, താമരക്കുളം, വള്ളികുന്നം, ചുനക്കര, ചാരുംമൂട് പ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് വാഴ കൃഷിയാണ് നിലംപൊത്തി. വിഷു, ഓണവിപണി ലക്ഷ്യമിട്ട് പരിപാലിച്ചുപോന്ന ഏത്തൻ, ഞാലിപ്പൂവൻ, പാളയംതോടൻ വാഴകളാണ് തടയുണങ്ങി ഒടിഞ്ഞുവീണ് നശിച്ചത്.
വേനൽ വിളയായ എള്ള്, മറ്റ് കരകൃഷികൾ, പച്ചക്കറികൃഷി എന്നിവയെയും ചൂട് കാര്യമായി ബാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടുകയും കിണറുകളും ജലാശയങ്ങളും പതിവിലും നേരത്തെ വറ്റുകയും ചെയ്തതാണ് വിനയായത്. വേനൽചൂടും കൃഷിനാശവും പിടിമുറുക്കിയിട്ടും ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു.
വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണം
വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചാൽ മാത്രമേ ഇൻഷ്വർ ചെയ്യാത്ത കർഷകർക്ക് സർക്കാർ സഹായം ലഭ്യമാകു. ജില്ലയിലെ വിവിധ കൃഷി ഓഫീസുകളിലായി 100 ഓളം കർഷകർ കൃഷി നാശവുമായി ബന്ധപ്പെട്ട് അപേക്ഷകൾ നൽകിക്കഴിഞ്ഞു. കൃഷി ഓഫീസുകളിൽ നിന്ന് ഇത് സംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി ജില്ല കളക്ട്രേറ്റിലേക്ക് അയക്കുകയും ദുരന്തനിവാരണ അതോറിട്ടി വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്താൽ മാത്രമേ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാകു.
കൃഷിഭവനുകളും
കെടുതിയും
#പാലമേൽ : പയ്യനല്ലൂർ, ടൗൺ വാർഡ് മറ്റപ്പള്ളി പ്രദേശങ്ങളിലായി 500 വാഴകൾ
#നൂറനാട്: വ്യാപകമായി വാഴകളും കര കൃഷിയും
#താമരക്കുളം : നാലുമുക്ക്, കണ്ണനാകുഴി, ചത്തിയറ, പച്ചക്കാട് മേഖലകളിൽ ഒരു ഹെക്ടറോളം സ്ഥലത്തെ വാഴ.വേടർപ്ളാവ് ഭാഗത്ത് രണ്ട് ഹെക്ടറോളം സ്ഥലത്തെ എള്ള് കരിഞ്ഞു
#ചുനക്കര: ചൂരല്ലൂർ പാടത്ത് പത്ത് ഹെക്ടറോളം സ്ഥലത്തെ കതിരിടാറായ നെൽ കരിഞ്ഞുണങ്ങി, അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം.
#വള്ളികുന്നം: കാഞ്ഞിരത്തുംമൂട് ഭാഗത്തുൾപ്പെടെ ആയിരത്തിലധികം വാഴ കരിഞ്ഞു
#കുട്ടനാട്: കൊടുംചൂടിൽ വിളവ് കുറഞ്ഞു
.........................................
നഷ്ടപരിഹാരം
വാഴ ഇൻഷുർ ചെയ്തത് : 300
അല്ലാത്തത്:150
പച്ചക്കറി ഹെക്ടറിന് : 13500
നെല്ല് ഹെക്ടറിന് : 15000
.....................................
കണികാണാൻ പോലുമില്ല പച്ചക്കറി
1. വർഷാവസാനം മുതലേ വരൾച്ച രൂക്ഷമായതിനാൽ വളരെ കുറച്ചുപേർ മാത്രമാണ് ഇത്തവണ പച്ചക്കറി കൃഷിയിറക്കിയത്. നാടൻ പച്ചക്കറികൾ പതിവ് കൃഷിയിടങ്ങളിൽ കഴിഞ്ഞ തവണത്തേതിന്റെ നാലിലൊന്നുപോലുമില്ല.
2. വിഷുവിപണി ലക്ഷ്യമിട്ട് കണിവെള്ളരിയുൾപ്പെടെ കൃഷി ചെയ്തിരുന്ന കർഷകരിൽ പലരും കൃഷി കരിഞ്ഞുണങ്ങിയതിന്റെ നടുക്കത്തിലാണ്. വരൾച്ച ഭയന്ന് പാകമാകും മുമ്പേ വിളവെടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
3.മാർച്ച് ആദ്യം മുതൽ ഹോർട്ടികോർപ്പിലും നാടൻ പച്ചക്കറിക്ഷാമം രൂക്ഷമായി. വെള്ളരി, മത്തൻ, തടിയൻ എന്നിവ മാത്രമാണ് സുലഭമായി ലഭിക്കുന്നത്.
................................
കുടിവെള്ള ക്ഷാമവും കൃഷി നാശവും കണക്കിലെടുത്ത് ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്
- ഡെപ്യൂട്ടി കളക്ടർ, ദുരന്ത നിവാരണ അതോറിട്ടി, ആലപ്പുഴ