anilkumar-irapitiyancheti

മാന്നാർ : കുഞ്ഞുപ്രാണികളേയും കീടങ്ങളേയും കെണിവച്ച് പിടിച്ച് 'ശാപ്പിട്ട്' തങ്ങൾക്ക് വേണ്ട പോഷകങ്ങൾ ശേഖരിക്കുന്ന ഇരപിടിയൻ ചെടി എന്നറിയപ്പെടുന്ന പിച്ചർ ചെടി മാന്നാറി​ൽ കൗതുകമാകുന്നു. മൂന്നു പതിറ്റാണ്ടോളം പ്രവാസിയായിരുന്ന മാന്നാർ കുരട്ടിശ്ശേരി ശിവകൃപയിൽ അനിൽകുമാറിന്റെ പൂന്തോട്ടത്തിലാണ് അപൂർവമായി മാത്രം കണ്ടു വരുന്ന ഇരപിടിയൻ ചെടിയുള്ളത്.

മുഖ്യമായും നെപ്പന്തേസീ, സറാസേനിയേസീ എന്നീ സസ്യകുടുംബങ്ങളിലെ കീടഭോജികളായ ഇരപിടിയൻ ചെടികൾ പിച്ചർ ചെടികൾ എന്നാണ് അറിയപ്പെടുന്നത്. മണ്ണിൽനിന്ന് അല്പം പോലും പോഷകങ്ങൾ ലഭിക്കാൻ സാഹചര്യമില്ലാത്ത, തീർത്തും പ്രതികൂലമായ സാഹചര്യങ്ങളിൽ വളർന്നപ്പോൾ നിലനില്പിന് ഇരയെ ആകർഷിക്കാനുള്ള കഴിവ് വളർത്തിയെടുത്താണ് ഇരപിടിയൻ ചെടികളായി മാറുന്നത്. മണ്ണിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ആഹാരലഭ്യതയുണ്ടായാൽ ഇരപിടിക്കാനുള്ള കഴിവില്ലാതാകും. വളരെ കുഞ്ഞുപ്രാണികളെ പിടികൂടാനുള്ള കഴിവും വലിപ്പവും മാത്രമേ ഇവയ്ക്കുള്ളു. വളമില്ലാത്ത പ്രതലങ്ങളിലാണ് ഇതിന്റെ വളർച്ച. എറണാകുളത്തുള്ള സുഹൃത്തിൽ നിന്നും വാങ്ങി ചകിരിച്ചോർ നിറച്ച ചട്ടിക്കുള്ളിലാണ് അനിൽകുമാർ ചെടി​ നട്ടുപിടിപ്പിച്ചത്.

കൃഷിയെ സ്നേഹിക്കുന്ന അനിൽകുമാറിന്റെ വീട്ടിലെ തോട്ടത്തിൽ പല രാജ്യങ്ങളിൽ നിന്നുള്ള വാഴകൾ, പ്ലാവുകൾ, ആമ്പലുകൾ, താമര, ആകാശ വെള്ളരി, കൃഷ്ണനാൽ, കർപ്പൂര മരം, അശോക വനത്തിലെ ശിംശിപ തുടങ്ങി വൈവിധ്യമാർന്ന സസ്യങ്ങളും വൃക്ഷങ്ങളുമുണ്ട്. നാടൻ മത്സ്യങ്ങളെ വളർത്തുന്ന കുളം വെറെയും. മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപികയായ ഭാര്യ അജിതയാണ് അനിൽകുമാറിന്റെ ഉദ്യാനം പരിപാലിക്കുന്നത്. മകൻ വരുൺ വിദേശ ബാങ്ക് ഉദ്യോഗസ്ഥനാണ്. മകൾ ഗായത്രി മലി​നീകരണ ബോർഡിൽ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥയാണ്. വെറ്ററി​നറി ഡോക്ടറായ അനഘ മരുമകളാണ്.

പ്രാണി​കളെ ദഹി​പ്പി​ക്കും

പിച്ചർ ചെടിയുടെ നീണ്ട ഇലയുടെ അഗ്രം കുടം പോലെയാണ്. ഇതിനു അടപ്പും ഉണ്ട്. ഇതിനുള്ളിൽ പ്രാണിയെ ദഹിപ്പിക്കാനുള്ള ഒരു മണമുള്ള ദ്രാവകവും. ദ്രാവകത്തിന്റെ മണത്തിൽ ആകൃഷ്ടരായി വരുന്ന പ്രാണികൾ അതിനുള്ളിലേക്ക് വീഴുകയും അടപ്പ് അടയുകയും ചെയ്യും. ദ്രാവകത്തിൽ കിടന്ന് പ്രാണികൾ ദഹിച്ചാണ് ഈ ചെടികൾക്ക് ഭക്ഷണമായി മാറുന്നത്.