
ഹരിപ്പാട് : അഞ്ച് മിനികുടിവെള്ള പദ്ധതികൾ തുടങ്ങിയിട്ടും വീയപുരം പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല. ഇവ പൂർണതോതിൽ പ്രവർത്തിക്കാത്തതാണ് കാരണം. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്. പായിപ്പാട് വെളിയം ജങ്ഷനിൽ 1988-ൽ നിർമ്മിച്ച 2.5 ലക്ഷം ലിറ്ററിന്റെ ജലസംഭരണിയിൽ നിന്നുമാണ് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കിട്ടിയിരുന്നത്. മോട്ടോറിന്റെ ശേഷിക്കുറവ് കാരണം പൂർണതോതിലുള്ള പമ്പിംഗ് ഇവിടെ നടക്കാറില്ല.സംഭരണിയുടെ കോൺക്രീറ്റുകൾ അടർന്ന് ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്. കൽപ്പടവുകൾ തകർന്നിരിക്കുന്നതിനാൽ ടാങ്കിന്റെ മുകളിലേക്ക് കയറാൻ കഴിയാത്തതിനാൽ ക്ലോറിനേഷൻ നടത്താനും സാധിക്കുന്നില്ല. ശേഷികുറഞ്ഞ മോട്ടോർ കാരണം മണിക്കൂറുകൾ കഴിഞ്ഞേങ്കിൽ മാത്രമേ സംഭരണിയുടെ പകുതി ഭാഗമെങ്കിലും നിറയുകയുള്ളു.
രണ്ടാം വാർഡിലെ കണ്ണമാലി ഭാഗം,പാളയത്തിൽ കോളനി,ഒന്നാം വാർഡിലെ പുത്തൻതുരുത്ത്,വെങ്കിടച്ചിറ എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളത്തിനായി ജനങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. മേൽപ്പാടം,പായിപ്പാട്,കാരിച്ചാൽ,വെള്ളംകുളങ്ങര ഭാഗങ്ങളിലും വെള്ളം കിട്ടുന്നില്ല.10-ാം വാർഡ് കൊല്ലാറ ഭാഗത്ത് ആർ.ഒ.പ്ലാന്റ് സ്ഥാപിച്ചെങ്കിലും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.
പൈപ്പിട്ടിട്ടും വെള്ളമില്ല
1.നീരേറ്റുപുറത്തു നിന്ന് വീയപുരത്ത് കുടിവെള്ളം എത്തിക്കാൻ 12 കി.മീ.ദൂരത്തിൽ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല
2.പൊതുടാപ്പുകളിൽ വെള്ളം കിട്ടാതെ വരുമ്പോൾ മറ്റ് ജലാശയമാർഗങ്ങളെ ആശ്രയിക്കണ്ട ഗതികേടിലാണ് നാട്ടുകാർ
3.പാടശേഖരങ്ങളിൽ നിന്ന് പുറംതളളുന്ന വിഷാംശം കലർന്ന വെള്ളമാണ് തോടുകളിലും ആറുകളിലുമുള്ളത്
4.മറ്റ് മാർഗമില്ലാതെ വരുമ്പോൾ ഈ വെള്ളം ഉപയോഗിക്കണ്ട ഗതികേടിലാണ് നാട്ടുകാർ
10
പഞ്ചായത്തിലെ 13 വാർഡുകളിലുമായി ദിവസേന 10 ലക്ഷം ലിറ്ററിലധികം കുടിവെള്ളമാണ് വേണ്ടത്. ഇതിന്റെ പകുതി പോലും ഇപ്പോൾ എത്തിക്കാൻ കഴിയുന്നില്ല
വെളിയം ജംഗ്ഷനിലെ ജലസംഭരണി പൊളിച്ച് ഉയർന്ന സംഭരണ ശേഷിയുള്ളത് നിർമ്മിച്ച് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം
-നാട്ടുകാർ