ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്ര അന്തേവാസിക്ക് നേരെ ആസിഡ് ആക്രമണം. ഓച്ചിറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്ത് വിളയിൽ വിലാസിനിയ്ക്കാണ് (56) ഗുരുതരമായി പൊള്ളലേറ്റത്. മുഖം ഉൾപ്പെടെ ശരീരഭാഗങ്ങളിൽ പൊള്ളലേറ്റ വിലാസിനിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ തന്നെ അന്തേവാസിയായ കൊട്ടാരക്കര പള്ളിക്കൽ പുത്തൻവിളയിൽ സുകുമാരനെ (64) ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 6ന് ഓംകാര സത്രത്തിന് സമീപമായിരുന്നു സംഭവം. താമസ കേന്ദ്രത്തിൽ നിന്ന് രാവിലെ വിലാസിനി ക്ഷേത്രത്തിലേക്ക് വരുന്നതിനിടയിൽ ഓംകാര സത്രത്തിനടുത്തുള്ള ഗേറ്റിന് സമീപത്തുവച്ച് സുകുമാരൻ കുപ്പിൽ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു.
വർഷങ്ങളായി ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ അന്തേവാസികളായ വിലാസിനിയും സുകുമാരനും അടുത്തടുത്തിരുന്നാണ് ഭിക്ഷ യാചിച്ചിരുന്നത്. നാണയങ്ങൾ നോട്ടാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആസിഡ് ആക്രമണമെന്ന് കരുതുന്നു. സംഭവശേഷം ക്ഷേത്ര പരിസരത്ത് കറങ്ങിനടന്ന സുകുമാരനെ ഓച്ചിറ പൊലീസെത്തി പിടികൂടുകയായിരുന്നു. വിലാസിനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.