s

ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ കൂടി ഇന്ന് മുതൽ പ്രചാരണത്തിൽ സജീവമാകുന്നതോടെ ആലപ്പുഴ മണ്ഡലത്തിൽ പോര് മുറുകും. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും സജീവമായി ഉയർന്നു തുടങ്ങി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ചുമതല വഹിക്കുന്നതിനാൽ കെ.സി.വേണുഗോപാൽ കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ മറ്റ് സ്ഥാനാർത്ഥികളെ പോലെ സജീവമാകാത്തത് എതിർ മുന്നണികൾ തിരഞ്ഞടുപ്പ് വിഷയമാക്കിയിരുന്നു. വിമർശകർക്കുള്ള മറുപടിയായി റോഡ് ഷോയുമായാണ് വേണുഗോപാൽ വീണ്ടും കളത്തിൽ സജീവമാകുന്നത്. ഇന്ന് രാവിലെ 10ന് ആലപ്പുഴ നഗരഭാഗത്തെ വിവിധ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിക്കും. വൈകിട്ട് 3ന് പെരുമ്പളം മണ്ഡലം കൺവൻഷൻ കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് പള്ളിപ്പുറം എൻ.എസ്.എസ് കോളേജിന് മുന്നിൽ സംഘടിപ്പിക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യും. 6ന് ലജ്നത്തുൽ മുഹമ്മദീയ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിൽ പങ്കെടുക്കും. 7 മണിക്ക് ആലപ്പുഴ ജില്ലാ കോടതിക്ക് മുന്നിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും. ആലപ്പുഴ, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി റോഡ് ഷോ ചേർത്തലയിൽ സമാപിക്കും.

ശോഭാ സുരേന്ദ്രന് വോട്ടഭ്യർത്ഥിച്ച് കൊണ്ട് ഹരിപ്പാട് മുതുകുളത്ത് എക്‌സ് സർവ്വീസ് - പാരാമിലിട്ടറി പ്രതിനിധികളുമായി ബി.ജെ.പി നേതാവും ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി സംവദിച്ചു.
ആലപ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ സാമുദായിക നേതാക്കളെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയാണ് ശോഭാ സുരേന്ദ്രന്റെ ഇന്നലത്തെ പ്രചരണം ആരംഭിച്ചത്. നിരവധി ചെറുകിട കയർ സ്ഥാപനങ്ങളിൽ തൊഴിലാളികളെ കണ്ട് സഹായം അഭ്യർത്ഥിച്ചു. കാർത്തികപ്പള്ളി മണ്ഡലത്തിലായിരുന്നു ഇന്നലത്തെ റോഡ് ഷോ. ഇന്ന് വൈകിട്ട് നാലിന് കായംകുളത്താണ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ.
സി.കെ.ചന്ദ്രപ്പന്റെ ചരമദിനമായിരുന്ന ഇന്നലെ അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ പ്രചാരണം ആരംഭിച്ചത്. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലെ പ്രധാന വ്യക്തികളെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചതിന് പുറമേ ക്യാമ്പസുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രചരണം. അടുത്തയാഴ്ച മുതൽ ദിവസവും ഓരോ പ്രദേശം കേന്ദ്രീകരിച്ച് സ്ഥാനാർത്ഥി പര്യടനത്തിനുള്ള ചാർട്ട് തയാറായിട്ടുണ്ട്. പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പര്യടനം നിശ്ചയിച്ചിട്ടില്ല. ഏപ്രിൽ 1 മുതൽ 4 വരെയുള്ള തിയതികളിൽ ഒന്നിലാവും പത്രിക സമർപ്പിക്കുക.