
ഹരിപ്പാട് : പള്ളിപ്പാട് പഞ്ചായത്തിലെ പറയങ്കേരി-കുരീത്തറ റോഡ്, വീയപുരം പഞ്ചായത്തിലെ പായിപ്പാട് പാലത്തിൽ നിന്ന് വെങ്കിടച്ചിറയിലേക്കുള്ള റോഡ് എന്നിവയുടെ വശങ്ങൾ ഇടിഞ്ഞു താഴ്ന്നതോടെ യാത്ര ദുഷ്കരമായി.
പറയങ്കേരി-കുരീത്തറ റോഡ് 2018ലെ പ്രളയത്തിൽ തകർന്നു തുടങ്ങിയതാണ്. ഇരുവശങ്ങളിലും സുരക്ഷാഭിത്തികൾ ഇല്ലാത്തതിനാൽ ഓരോ ദിവസം ചെല്ലുന്തോറും റോഡ് കൂടുതൽ തകരുകയാണ്. പാടശേഖരങ്ങളുടെ നടുവിലൂടെയുള്ള റോഡിൽ പലഭാഗത്തും കുഴികൾ രൂപപ്പെട്ടു. ഇതു കൂടാതെയാണ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താഴുന്നത്. ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിൽ പറയങ്കേരി പാലത്തിൽ നിന്നും നാലുകെട്ടുംകവല, ഇരുപത്തെട്ടിൽക്കടവ് എന്നിവിടങ്ങളിലേക്കുള്ള എളുപ്പ വഴിയാണിത്. നങ്ങ്യാർകുളങ്ങര-തട്ടാരമ്പലം റോഡിലെ കരിപ്പുഴയിൽ എളുപ്പത്തിൽ എത്തുന്നതിന് ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ഈ റോഡ് ഉപയോഗിക്കാറുണ്ട്.
പായിപ്പാട് പാലത്തിൽ നിന്നും വെങ്കിടച്ചിറയിലേക്കുള്ള റോഡിന്റെ ഭൂരിഭാഗവും കുണ്ടും കുഴിയുമായി മാറി. റോഡിന്റെ പലഭാഗങ്ങളും ഇടിഞ്ഞ് ആറ്റിലേക്ക് വീണു. റോഡ് ഇടിഞ്ഞു താഴ്ന്ന ഭാഗത്ത് തുണിയും കമ്പും കെട്ടി നാട്ടുകാർ അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കണ്ണ് തെറ്റിയാൽ ആറ്റിൽ വീഴും
രാത്രിയാത്രകളിലാണ് വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നത്
റോഡ് വ്യക്തമായി കാണാതെ പാടശേഖരങ്ങളിലേക്കും ആറ്റിലേക്കും പതിക്കാൻ സാദ്ധ്യത
സുരക്ഷാ ഭിത്തികളില്ലാത്തത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു
ഓരോ വെള്ളപ്പൊക്കത്തിലും രണ്ട് റോഡുകളുടെയും വശങ്ങൾ കൂടുതൽ തകരുകയാണ്
പ്രളയത്തിനു ശേഷം റോഡുകളുടെ സംരക്ഷണത്തിന് പദ്ധതികളുണ്ടാക്കിയിട്ടില്ല. റോഡ് ഉയർത്തി വശങ്ങൾ സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കണം
-നാട്ടുകാർ