pu

ആലപ്പുഴ : നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന ദേശീയ പാതയിലടക്കം അപകടങ്ങൾ വർദ്ധിച്ചതോടെ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി മുതൽ അരൂർ വരെ പൊലീസും റോഡ് സേഫ്ടി അതോറിട്ടിയും മോട്ടോ‌ർ വാഹനവകുപ്പും പരിശോധന തുടങ്ങി.

പട്ടണക്കാട്ട് കാൽനടയായി മലയാറ്റൂർ തീർത്ഥാടനത്തിന് പോവുകയായിരുന്ന സംഘത്തിനിടയിലേക്ക് വാൻ പാഞ്ഞു കയറി യുവാവ് മരിച്ചതിന് പിന്നാലെ വെള്ളിയാഴ്ച പുറക്കാട് ജംഗ്ഷന് വടക്കുവശം കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ കൂടി മരിച്ചതോടെയാണ്

അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ നടപടികൾ ആരംഭിച്ചത്.

ജില്ലയിൽ റോഡപകടങ്ങളും മരണവും വർദ്ധിച്ചുവരുന്നത് സംബന്ധിച്ച് കണക്കുകൾ സഹിതം കേരള കൗമുദി മാർച്ച് 5ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തോട്ടപ്പള്ളി മുതൽ ചേർത്തല വരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പരിശോധന നടത്തിയ സംഘം തിങ്കളാഴ്ചയോടെ അരൂർ മേഖലയും സന്ദർശിച്ച് നടപടികൾ പൂർത്തിയാക്കും. റോഡിൽ കാമറകളോ പരിശോധനയോ ഇല്ലാത്ത സാഹചര്യം മുതലെടുത്ത് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

സുരക്ഷാ സംവിധാനങ്ങൾ പരിതാപകരം

1.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്നാണ് അപകട സ്ഥലങ്ങൾ സന്ദർശിച്ചുള്ള പരിശോധനയിൽ സംഘം കണ്ടെത്തിയത്.

2.റോഡ് വീതികൂട്ടലിന്റെ ഭാഗമായി വശങ്ങൾ മണ്ണിട്ട് ഉയർത്തുകയും പഴയ പാത പൊളിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്ത സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്നില്ല

3.രാത്രികാലങ്ങളിൽ റോഡിൽ വെളിച്ചമില്ലാത്തതും വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാത്തതും സൈക്കിൾ യാത്രക്കാരും കാൽനടക്കാരും അപകടത്തിൽപ്പെടുന്നത് കൂടാൻ ഇടയാക്കി.

4.ഗതാഗതം വഴി തിരിച്ചുവിടുന്ന സ്ഥലങ്ങളിലും റോഡ് പൊളിച്ചിട്ടിരിക്കുന്നിടത്തും കുഴികളും മറ്റുമുള്ള സ്ഥലങ്ങളിലും മതിയായ സൈൻ ബോർഡുകളും ലൈറ്റുകളും സ്ഥാപിക്കേണ്ടതുണ്ട്

5. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം രാത്രിയും പകലും ഗതാഗത നിയന്ത്രണത്തിന് നിർ‌മ്മാണ കമ്പനി ആളെ നിയോഗിക്കണം. ജംഗ്ഷനുകളിലും ബൈ റോഡുകൾ വന്നുചേരുന്ന സ്ഥലങ്ങളിലും വേഗ നിയന്ത്രണ സംവിധാനങ്ങൾ വേണം.

അപകട മരണങ്ങൾ ജനുവരിയിൽ : 27 ഫെബ്രുവരിയിൽ : 24 പരിക്ക് പറ്റിയവർ : 302

കേരളകൗമുദി വാർത്തയും അപകടപരമ്പരകളും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്. അരൂർ മേഖലയിലെ പരിശോധന കൂടി പൂർത്തിയാക്കിയശേഷം അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളും

- എ.കെ ദിലു. ആർ.ടി.ഒ. ആലപ്പുഴ