
അമ്പലപ്പുഴ: കച്ചേരി മുക്കിന് തെക്കുഭാഗത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് കുടിവെള്ളം പാഴായി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് പൈപ്പ് പൊട്ടി വെള്ളം ശക്തമായി പുറത്തേക്ക് പ്രവഹിച്ചത്. നല്ല ഉയരത്തിലാണ് വെള്ളം ഉയർന്നുപൊങ്ങിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച്, ഒരു മണിക്കൂറിനുശേഷം വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെത്തി വാൽവ് അടച്ചാണ് ചോർച്ച പരിഹരിച്ചത്. വാൽവ് അടച്ചതോടെ കരൂർ ,പുറക്കാട്, തോട്ടപ്പള്ളി ഭാഗങ്ങളിലേക്കുള്ള ജലവിതരണം നിലച്ചു. പൈപ്പിലെ അറ്റകുറ്റപ്പണി പൂർത്തിയായാലേ ഈ ഭാഗങ്ങളിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂ. ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് ഈ ഭാഗങ്ങൾ വൃത്തിയാക്കിയിരുന്നു. ഇതിനിടെ പൈപ്പിന് കേടുപാടുകൾ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതർ.