
ആലപ്പുഴ : അപകടകരമായി ഓടിച്ച സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് കൊമ്മാടി മുതൽ പാതിരപ്പള്ളിവരെ അമിത വേഗത്തിൽ പാഞ്ഞത്. പാതിരപ്പള്ളിയ്ക്ക് സമീപം വച്ച് വഴിയാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ഇടിച്ച് തെറിപ്പിക്കും വിധം യാത്ര തുടർന്ന ബസ് നാട്ടുകാരും മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് റോഡിൽ തടഞ്ഞു . ഡ്രൈവറോടും കണ്ടക്ടറോടും ലൈസൻസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും നൽകാൻ കൂട്ടാക്കിയില്ല. ഇത് വാക്കുതർക്കത്തിന് കാരണമായി. തുടർന്ന് ഇരുവരുടെയും ലൈസൻസ് വാങ്ങി ഫോട്ടോയെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചതിന്റെ റിപ്പോർട്ട് കെ.എസ്.ആർ.ടി.സിക്ക് കൈമാറി. ആലപ്പുഴ ആർ.ടി.ഒ ഓഫീസിൽ ഹാജരാകാൻ ഡ്രൈവർക്കും കണ്ടക്ടർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറെയും കണ്ടക്ടറെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയതായും ഇരുവരെയും ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിന് അയച്ചതായും സ്വിഫ്റ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ആലപ്പുഴ ആർ.ടി.ഒയെ അറിയിച്ചു.