iftar-vipani-

മാന്നാർ: റംസാൻ വ്രതാനുഷ്ടാനത്തോടൊപ്പം തന്നെ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് നോമ്പുതുറയും. നോമ്പ് തുറക്കാൻ മഗ്‌രിബ്(സൂര്യാസ്തമനം) ബാങ്ക് വിളി കേൾക്കാൻ കാതോർത്തിരിക്കുമ്പോൾ തീൻ മേശയിൽ ഇഫ്താർ വിഭവങ്ങൾ നിറഞ്ഞിട്ടുണ്ടാവും. വീട്ടിൽ തയ്യാറാക്കിയിരുന്ന പഴം പൊരിയും മുട്ട ബജിയും ഉള്ളിവടയുമൊക്കെ പുത്തൻ വിഭവങ്ങൾക്ക് വഴിമാറി. മലബാർ വിഭവങ്ങൾക്കാണ് ഇഫ്താർ വിരുന്നിലും മറ്റും ഇപ്പോൾ ഏറെ പ്രിയം. ഇതോടെ മലബാർ രുചിപ്പെരുമ നിറച്ച ഇഫ്താർ വിപണികൾക്ക് ഏറെ പ്രാധാന്യമേറി. നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങൾക്ക് ഓർഡർ ശേഖരിക്കുവാൻ കസ്റ്റമറെ തേടി രാവിലെ തന്നെ ഫോൺ വിളികളെത്തും.

കണ്ണൂരുകാരുടെ പ്രിയപ്പെട്ട കൽമാസും കോഴിക്കോടൻ ചട്ടിപ്പത്തിരിയും മലബാർ സ്‌പെഷ്യൽ കിളിക്കൂടും, ഉന്നക്കായും ഒപ്പം കട്ലറ്റും മീറ്റ് റോളും സമൂസയുമെല്ലാം ഇഫ്താർ വിപണിയിലെ താരങ്ങളാണ്. 15 രൂപ മുതൽ 30 വരെയാണ് ഓരോന്നിനും വില. രുചിയുള്ള വിഭവങ്ങളാണെങ്കിൽ വില കൂടിയാലും ചൂടപ്പം പോലെ വിറ്റഴിയും. വൈകിട്ട് നാലുമണി മുതൽ ഇഫ്താർ വിപണിയിൽ തിരക്കേറും. നോമ്പ് കാലമായതിനാൽ സാധാരണ ബജിക്കടകളിലും മലബാർ വിഭവങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്.

മാന്നാർ മാർക്കറ്റു ജംഗ്ഷന് സമീപം എ.ജെ കാറ്ററിങ്ങിന്റെ ഇഫ്‌താർ വിപണിയിലും കുറ്റിയിൽ ജംഗ്ഷന് തെക്കുവശം അൽനൂർ സ്‌നാക്‌സിലും മലബാർ രുചിയുടെ വിത്യസ്ത വിഭവങ്ങൾക്കായി ഏറെ തിരക്കാണ്. കിളിക്കൂടിനും ഉന്നക്കായ്ക്കും ആവശ്യക്കാർ ഏറെയാണെന്ന് എ.ജെ കാറ്ററിങ് ഉടമയും മാന്നാർ മുസ്ലിം ജമാഅത്ത് സെക്രട്ടറിയുമായ നവാസ് ജലാൽ പഞ്ഞു. വിഭവങ്ങൾ ഓർഡറെടുത്ത് നോമ്പ് തുറയ്ക്ക് മുമ്പായി വീടുകളിലെത്തിച്ച് നൽകുന്നത് വരെ വിശ്രമമില്ലാതെയുള്ള ജോലിയാണെന്ന് അൽനൂർ സ്നാക്സ് ഉടമ സിയാദ് നാഥൻപറമ്പിൽ പറഞ്ഞു.