ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ കൂടി സജീവമായതോടെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ പ്രചാരണം ചൂടുപിടിച്ചു. ഇന്നലെ റോഡ് ഷോയിലും വിവിധ മണ്ഡലം കൺവൻഷനുകളിലും പങ്കെടുത്ത് കെ.സിയും വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തിയും റോഡ് ഷോ നടത്തിയും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചും പ്രധാന വ്യക്തികളെ കണ്ടും വോട്ടഭ്യർത്ഥിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫും മണ്ഡലത്തിൽ നിറഞ്ഞുനിന്നു.

ആലപ്പുഴ നഗരത്തിലെ ജില്ലാ കോടതി, കളക്ടറേറ്റ് തുടങ്ങിയ ഇടങ്ങൾ കെ.സി.വേണുഗോപാൽ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് കോർകമ്മിറ്റി യോഗത്തിലും പെരുമ്പളം മണ്ഡലം കൺവൻഷൻ, പള്ളിപ്പുറം എൻ.എസ്.എസ് കോളേജിന് മുന്നിൽ നടന്ന പൊതുസമ്മേളനം എന്നിവയിലും പങ്കെടുത്തു. ആലപ്പുഴ ലജനത്തുൽ മുഹമ്മദീയയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ശേഷം ജില്ലാ കോടതിയ്ക്ക് മുന്നിൽ നിന്ന് റോഡ് ഷോ ആരംഭച്ചു. ആലപ്പുഴ, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളിലൂടെ ചേർത്തലയിൽ സമാപിച്ചു.

ഇന്നലെ ചേർത്തല,ആലപ്പുഴ മണ്ഡലങ്ങളിലെ പ്രധാന വ്യക്തികളെ എ.എം.ആരിഫ് സന്ദർശിച്ചു. ആലപ്പുഴയിലെ കൊമ്മാടി കേരള ബെയ്ലേഴ്സ് കമ്പനിയിലെ തൊഴിലാളികൾ, പ്രദേശത്തെ യുവജനങ്ങൾ, വ്യാപാരികൾ തുടങ്ങിയവരെ കണ്ടു. വൈകിട്ട് ആലപ്പുഴ ലജനത്തുൽ മുഹമ്മദീയയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

കായംകുളം നിയമസഭ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭസുരേന്ദ്രൻ സന്ദർശനം നടത്തി. പൗരപ്രമുഖരെയും വിവിധ സാമുദായിക സംഘടനാ നേതാക്കളെയും, തൊഴിലാളികളെയും യുവജനങ്ങളെയും കണ്ടു. വൈകിട്ട് റോഡ് ഷോ ചേരാവള്ളി സൗത്തിൽ നിന്ന് ആരംഭിച്ച് കിണർമുക്കിൽ സമാപിച്ചു.