
ആലപ്പുഴ : ക്ഷണക്കത്ത് , വധൂവരൻമാരുടെ പേരുകൾ എഴുതിയ ബോർഡ്, വിവാഹവേദി അലങ്കരിക്കുന്ന ഗണപതിയുടെ രൂപം തുടങ്ങി ലക്ഷ്മിയുടെ വിവാഹ ഒരുക്കങ്ങളിൽ പ്രധാന കഥാപാത്രമാണ് കുളവാഴ ! കഴിഞ്ഞ കുറേനാളുകളായി കുളവാഴയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലക്ഷ്മിയ്ക്ക് വിവാഹമെത്തിയപ്പോഴും കുളവാഴയെ ഉപേക്ഷിക്കാനായില്ല.
കുളവാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും നിർവഹിക്കുന്ന ഐക്കോടെക്ക് എന്ന എസ്.ഡി കോളേജ് വിദ്യാർത്ഥി സ്റ്റാർട്ടപ്പിലെ അംഗമായ ലക്ഷ്മി കെ.ബാബുവിന്റെ വിവാഹം ഇന്നാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാരനും വെട്ടയ്ക്കൽ കുറുപ്പു പറമ്പ് പുറക്കാലക്കുഴയിൽ പരേതനായ രവീന്ദ്രന്റെയും രത്നവല്ലിയുടെയും മകനുമായ അരുണാണ് വരൻ.
ചേർത്തല വയലാർ ആലപ്പാട്ട് വീട്ടിൽ ബാബു - ബിന്ദു ബാബു ദമ്പതികളുടെ ഏക മകളാണ് ലക്ഷ്മി. വധൂഗൃഹത്തിലാണ് വിവാഹം.
എസ്.ഡി കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ലക്ഷ്മി അവിടുത്തെ ആദ്യ വിദ്യാർത്ഥി സ്റ്റാർട്ട്-അപ്പായ ഐക്കോടെക്കിന്റെ സി.ഇ.ഒ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിച്ചുവരികയാണ്. കുളവാഴയിൽ നിർമ്മിച്ച പ്രത്യേക കടലാസിൽ വയലാർ രാമവർമ്മയുടെ ചിത്രം വരച്ച് അദ്ദേഹത്തിന്റെ കഴിഞ്ഞ ഓർമ്മദിനത്തിൽ മകനായ വയലാർ ശരത്ചന്ദ്ര വർമ്മയ്ക്ക് സമ്മാനിച്ചത് കൗതുകമുണർത്തിയിരുന്നു. ജനുവരിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേര് നേർത്ത കുളവാഴ നാരുകൾ കൊണ്ട് എംബ്രോയിഡറി ചെയ്ത് രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ലക്ഷ്മി സമ്മാനിച്ചിരുന്നു.
പരമ്പരാഗത കയർ തൊഴിലാളി കുടുംബാംഗമായ ലക്ഷ്മിയുടെ വിവാഹത്തിനായുള്ള കുളവാഴ ഉത്പന്നങ്ങൾ ഒരുക്കിയതിലും മൂന്ന് തലമുറ പപങ്കെടുത്തു. കുളവാഴ ശേഖരിച്ച് നീളമുള്ള തണ്ടുകൾ ഉണക്കി കയർ പോലെ പിരിച്ചത് ലക്ഷ്മിയും അമ്മയായ ബിന്ദുവും അമ്മമ്മയായ ശാന്തയും അച്ഛമ്മയായ വിലാസിനിയും ചേർന്നായിരുന്നു. കല്യാണക്കുറിക്കുള്ള പേപ്പർ നിർമ്മിച്ച് ഡിസൈൻ ചെയ്തത് അനൂപ് കുമാറായിരുന്നു. ലക്ഷ്മിയുടെ ആശയങ്ങൾക്ക് പിന്തുണയുമായി വരൻ അരുണും കുടുംബവും കൂടിയായപ്പോൾ സന്തോഷം ഇരട്ടിയായി.
ഇന്ന് നടക്കുന്ന വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഐക്കോടെക്കിലെ അംഗമായ ആര്യ എസ്, മെന്ററായ ഡോ. ജി.നാഗേന്ദ്ര പ്രഭു എന്നിവരുണ്ടാവും. സ്ഥലത്തില്ലാത്തതിനാൽ ഹരികൃഷ്ണ, നിവേദിത എന്നിവർ ആശംസകൾ അറിയിച്ചു.