
ചാരുംമൂട് : കൊട്ടിഘോഷിച്ച് തുടക്കമിട്ട വെട്ടിക്കോട് ചാൽ ടൂറിസം പദ്ധതിയ്ക്കായുള്ള കാത്തിരിപ്പ് അഞ്ചാം വർഷത്തിലേക്ക് നീളുന്നു. കായംകുളം -പുനലൂർ റോഡിൽ വെട്ടിക്കോട്ട് ക്ഷേത്ര ജംഗ്ഷനിലാണ് പദ്ധതിപ്രദേശം.
2019 മെയിൽ ചാലിന്റെ സംരക്ഷണഭിത്തി തകർന്നു വീണതോടെയാണ് പദ്ധതി പ്രവർത്തനങ്ങൾ നിലച്ചത്. നിർമ്മാണം പുരനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് ഇതുവരെ വേഗം കൈവന്നിട്ടില്ല.
1.39 കോടി രൂപയാണ് വെട്ടിക്കോട്ട് ചാൽ ടൂറിസം പദ്ധതിക്ക് 1.39 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 99 ലക്ഷം രൂപ ടൂറിസം വകുപ്പും 40 ലക്ഷം രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് ചിലവഴിക്കേണ്ടത്. ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും ചുനക്കര ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും പദ്ധതിക്ക് നൽകണം. ടൂറിസം വകുപ്പിന്റെ 99 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ രണ്ടാംഘട്ടത്തിലാണ് നടത്തേണ്ടത്.
വിഭാവനം ചെയ്തത് വിശാല പദ്ധതി
വിശ്രമ കേന്ദ്രം
ചാലിനു ചുറ്റും നടപ്പാത
കുട്ടികളുടെ പാർക്ക്
സൈക്ലിംഗ്
ടൂറിസം ഇൻഫർമേഷൻ സെന്റർ
ടോയ്ലറ്റ്
വെട്ടിക്കോട് ചാൽ
ഓണാട്ടുകരയിലെ പ്രധാന ജലസ്രോതകളിൽ ഒന്ന്
ഭരണിക്കാവ് ചുനക്കര പഞ്ചായത്ത് അതിർത്തിയിൽ
ഒരേക്കറോളം വലിപ്പമുള്ളതാണ് ചാൽ
അനുവദിച്ച തുക : 1.39 കോടി
തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ സ്ഥലം സന്ദർശിച്ചിരുന്നു. തുടർ നിർമ്മാണം എങ്ങനെ നടത്തണം എന്നതിനെപ്പറ്റി പഠിക്കുന്നതിന് ഒരു സാങ്കേതിക കമ്മിറ്റിയെ നിയോഗിക്കാൻ നിർദ്ദേശം നൽകി . ആ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി പുനരാവിഷ്കരിക്കാൻ ധാരണയായിട്ടുണ്ട്
-അഡ്വ.കെ.ആർ.അനിൽകുമാർ, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ചാലിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനിടെ തകർന്നു വീണതോടെയാണ് പണി മുടങ്ങിയത്. ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കണം.
-രതീഷ് കുമാർ കൈലാസം, പൊതുപ്രവർത്തകൻ