ആലപ്പുഴ : കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതും ഇടത്തോടുകളിലെയും നദികളിലെയും പോളശല്യവും ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രയ്ക്ക് തടസമാകുന്നു. ജലനിരപ്പ് താഴ്ന്നതോടെ യാത്രാബോട്ടുകൾ മണൽത്തിട്ടയിൽ ഇടിക്കാനുള്ള സാദ്ധ്യതയുമുണ്ട്.
കുട്ടനാട്ടിലെ കിഴക്കൻ കായൽ പാടശേഖരങ്ങളായ പതിനാലായിരം, പത്തുപങ്ക്, ഒമ്പതിനായിരം, ഇരുപത്തിനാലായിരം പാടശേഖരത്തിന്റെ വടക്കൻ മേഖല ഉൾപ്പെടെയുള്ള പ്രദേശത്താണ് ജലഗതാഗതത്തിന് തടസമുള്ളത്. തിങ്ങി നിറഞ്ഞ പോള മൂലം കോട്ടയം ബോട്ട് ജെട്ടിയിൽ നിന്ന് വേണാട്ടുകാട് വഴി ആലപ്പുഴയ്ക്കുള്ള ബോട്ട് സർവീസിന് സാധാരണ വേണ്ടിവരുന്നതിനേക്കാൾ കൂടുതൽ സമയം എടുക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
മണൽത്തിട്ടകൾ നീക്കണം
ജലഗതാഗത വകുപ്പിന്റെ എടത്വാ സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്ന ബോട്ടുകൾക്ക് മണൽത്തിട്ടകൾ ഭീഷണിയാണ്
എടത്വ, ചമ്പക്കുളം ജലപാതയിൽ തായങ്കരി, ഐക്കര, ആശുപത്രി ജെട്ടികളുടെ താഴെയും മണൽത്തിട്ടകൾ അടിഞ്ഞ് കിടക്കുന്നു
എടത്വാ പഞ്ചായത്ത് സമിതിയോ ജലസേചന വകുപ്പോ മുൻകൈയെടുത്ത് മണൽത്തിട്ടകൾ നീക്കം ചെയ്യണമെന്നാവശ്യം
കൊയ്ത്തിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കുവാനും കൊയ്‌തെടുക്കുന്ന നെല്ല് വള്ളങ്ങളിൽ എത്തി സംഭരിക്കാനും ആറുകളിലെയും തോടുകളിലെയും വെള്ളക്കുറവ് തടസമാകുന്നുണ്ട്
- കർഷകർ