tur

തുറവൂർ: ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് ബാറ്ററി കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. തൃപ്പുണിത്തുറ ഇരുമ്പനം മന്നുള്ളിൽ വീട്ടിൽ ജോസാണ് (ലാലു -65) പട്ടണക്കാട് പൊലീസിന്റെ പിടിയിലായത്. ദേശീയപാതയിൽ വയലാർ ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നുമാണ് ഇയാൾ കഴിഞ്ഞ മാസം 28 ന് ബാറ്ററി മോഷ്ടിച്ച് കടന്നു കളഞ്ഞത്. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കാർ ഷോറൂമിൽ നിന്നും മോഷ്ടിച്ച കാറിൽ, വ്യാജ നമ്പർ പതിപ്പിച്ച ശേഷം അതിൽ സഞ്ചരിച്ച് മോഷണം നടത്തി വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പട്ടണക്കാട് എസ്.ഐ ജയൻ, സി.പി.ഒ ഷൈൻ, ചേർത്തല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ സ്ക്വാഡ് അംഗങ്ങളായ അരുൺ, പ്രവീഷ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.