ആലപ്പുഴ: ലജനത്തുൽ മുഹമ്മദീയയുടെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് ലജനത്തുൽ മുഹമ്മദീയ ആഡിറ്റോറിയത്തിൽ നടത്തിയ ഇഫ്ത്താർ സംഗമം യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമ വേദിയായി. ആറ് മണിയോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് എത്തി. 6. 05ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എം.പ്രതാപൻ എം.പി എത്തി. 6.10ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലും വന്നു. ഭക്ഷണം കഴിക്കുന്നതിനായി എഴുന്നേറ്റപ്പോൾ ആരിഫിനോട് ക്ഷീണമില്ലേ എന്ന് കെ.സിയുടെ ചോദ്യം. വെയിലത്ത് കറുത്തില്ലല്ലോ എന്ന് ടി.എൻ.പ്രതാപന്റെ കമന്റും. ഈ സമയം ആരിഫിന്റെ കൈയ്യിലെ വാച്ച് ആഴിഞ്ഞു നിലത്തേയ്ക്ക് വീണു. എന്റെ യഥാർത്ഥകളർ ഇതാണ്, വെയിലത്ത് കറുത്തിട്ടുണ്ടെന്ന് ഇത് കണ്ടാൽ മനസിലാകുമല്ലോ എന്ന് ആരിഫിന്റെ പ്രതികരണം വന്നതോടെ നേതാക്കളും അടുത്തുനിന്നവരും കൂട്ടച്ചിരിയായി.