കുട്ടനാട് : തുള്ളിക്ക് ഒരു കുടം കണക്കെ ഇന്നലെ രാത്രി പെയ്തിറങ്ങിയ വേനൽമഴ കടുത്ത ചൂടിൽ ആശ്വാസമായെങ്കിലും കർഷകരെ ആശങ്കയിലാക്കി. കൊയ്യാൻ പാകത്തിന് നെല്ലു വിളഞ്ഞുകിടക്കുന്ന പാടശേഖരങ്ങളിൽ ഇന്നലത്തെ ഒറ്റമഴയിൽ വെള്ളക്കെട്ടായി.

വരുംദിവസങ്ങളിലും മഴ തുടർന്നാൽ പാടത്ത് കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിയാത്ത സ്ഥിതിയാകും. ഇതോടെ നെല്ല് കൊയ്തെടുക്കാനാകാതെ നശിക്കാനിടയാകുമോ എന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.

പാടശേഖരങ്ങൾ കൂടാതെ ആയിരക്കണക്കിന് ഏക്കർ വരുന്ന കായൽനിലങ്ങളിലും കൊയ്ത്ത് പുരോഗമിച്ചു വരികയാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കനത്ത വേനൽമഴ പെയ്തു തുടങ്ങിയത്. മഴയ്ക്കും ഇടിയ്ക്കും മിന്നലിനും ഒപ്പം ശക്തമായ കാറ്റും വീശിയത് പാടശേഖരങ്ങളിൽ വിളഞ്ഞു നിന്ന നെല്ല് നിലംപതിക്കുന്നതിനിടയാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ നെല്ല് കൊയ്തെടുത്തില്ലെങ്കിൽ ഇവ പാടത്ത് കിടന്നു നശിക്കുന്നതിനിടയാകും.ഇന്നലത്തെ മഴയുടെ വെള്ളം ഇന്നു തന്നെ മോട്ടോർ ഇടതടവില്ലാതെ നടത്തി വറ്റിച്ചാൽ മാത്രമേ പാടശേഖരങ്ങളിൽ കൊയ്ത്ത് യന്ത്രം ഇറക്കാനും നെല്ല് കേട് കൂടാതെ കൊയ്തെടുക്കാനും സാധിക്കുകയുള്ളൂ.

ഈർപ്പം വില്ലനാകും

 ഈർപ്പത്തിന്റെയും കിഴിവിന്റെയും പേരിൽ ഏതാനും പാടശേഖരങ്ങളിൽ മില്ലുകാരും കർഷകരും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നു

 കടുത്ത വേനലിൽ നെല്ലിന് ഈർപ്പം പറഞ്ഞ മില്ലുകാർ, മഴ പെയ്തതോടെ കർഷകരെ കൂടുതൽ ചൂഷണം ചെയ്യാനിടയുണ്ട്

 കാര്യമായ പ്രശ്നങ്ങളില്ലാതെ ഇത്തവണ കൊയ്ത്ത് പുരോഗമിച്ചു വരുനന്തിനിടെയാണ് മഴ വില്ലനായെത്തിയത്

 ചില പാടശേഖരങ്ങളിൽ മാത്രമേ മില്ലുകാരും കർഷകരും തമ്മിൽ തർക്കം ഉണ്ടായിരുന്നുള്ളൂ

 കഴിഞ്ഞ കൃഷിയിൽ തർക്കത്തെ തുടർന്ന് ആഴ്ചകളോളം നെല്ല് പാടത്ത് കിടന്നിരുന്നു