tur

തുറവൂർ: തുറവൂർ -അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ ജോലിയ്ക്കിടെ തൂണിന് മുകളിൽ നിന്ന് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ കാരന്തിഗി ഉത്തർ ദിനാജ് പൂർ സ്വാദാൻ സബ്ദാനിൽ മോസയുടെ മകൻ അലാമുൽ ഹക്ക് (35) ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ താലൂക്കാശുപത്രിയ്ക്ക് സമീപം ഒറ്റതൂണുകൾക്ക് മുകളിൽ സ്ഥാപിച്ച ഗർഡറിൽ കോൺക്രീറ്റിങ്ങിന് മുന്നോടിയായുള്ള പണി ചെയ്യുന്നതിനിടെ താഴേക്ക് തെന്നി വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ജോലിയ്ക്കിടെ അലാമുൽഹക്ക് സുരക്ഷാബെൽറ്റ് ധരിച്ചിരുന്നെങ്കിലും ബെൽറ്റിന്റെ ഹുക്ക് ഗർഡറിലെ ഇരുമ്പ് കമ്പിയുമായി ബന്ധിപ്പിക്കാതിരുന്നതാണ് വിനയായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അലാമുൽ ഹക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുത്തിയതോട് പൊലീസ് മേൽനടപടി സ്വീകരിച്ചു. -