ra

ആലപ്പുഴ: നാല് വർഷമായി താറുമാറായി കിടക്കുന്ന അത്തിത്തറ - കാവിത്തോട് റോഡിന്റെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് നഗരസഭാ അധികൃതരുടെ ഉറപ്പ്. കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് അടിയന്തര ഇടപെടലുണ്ടായത്.

നഗരസഭാദ്ധ്യക്ഷ ഉൾപ്പടെയുള്ളവർ ഇന്നലെ പ്രദേശത്ത് നേരിട്ടെത്തി രാവിലെ എട്ട് മണിക്ക് അത്തിത്തറ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് സാങ്കേതിക തടസങ്ങൾ മറികടന്ന് റോഡ് നിർമ്മാണം പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകിയത്. റോഡ് നന്നാക്കാത്ത പക്ഷം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാൻ പ്രദേശവാസികൾ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. നാല് വർഷം മുമ്പ് പുനർനിർമ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ച റോഡിൽ ഏതാനും മാസങ്ങൾ മുമ്പ് മെറ്റൽ പാകിയെങ്കിലും തുടർനിർമ്മാണം അനിശ്ചിതമായി നീണ്ടു. വിശദീകരണയോഗത്തിൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എം.ആർ.പ്രേം, വാർഡ് കൗൺസിലർ അരവിന്ദാക്ഷൻ, അത്തിത്തറ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, എസ്.എൻ.ഡി.പി യോഗം ശാഖ ഭാരവാഹികൾ, അത്തിത്തറ ക്ഷേത്രം ഭാരവാഹികൾ, പഴവീട് ദേവസ്വം ഭാരവാഹികൾ, അഡ്വ.ജയൻ
. സി. ദാസ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

പണി തീർത്തില്ലെങ്കിൽ

നിലപാടിൽ മാറ്റമില്ല

1.നിർമ്മാണം ആരംഭിച്ച് ഉടൻ പൂർത്തിയാകുമെന്ന് വിശ്വാസമായെങ്കിലേ ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ വോട്ട് ചെയ്യൂവെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് അത്തിത്തറയിലെ വലിയൊരു വിഭാഗം

2.നൂറോളം വീടുകളിലെ വോട്ടർമാരാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞടുപ്പിൽ ഇത് വലിയ സംഖ്യയല്ലെങ്കിലും, തങ്ങളുടെ നിലപാട് വ്യക്തമാക്കുക എന്നതാണ് ഇവരുടെ തീരുമാനം

3.ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയായതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അത്തിത്തറ - കാവിത്തോട് റോഡിന്റെ നിർമ്മാണത്തെ ബാധിക്കില്ല.

ഏപ്രിലിൽ റോഡ് പണി പൂർത്തീകരിക്കുമെന്ന ഉറപ്പാണ് നഗരസഭാധികൃതർ നേരിട്ടെത്തി നൽകിയത്. പണി ആരംഭിച്ചതിന് ശേഷം മാത്രമേ സമ്മതിദാനാവകാശം സംബന്ധിച്ച തീരുമാനത്തിൽ പുനരാലോചനയുണ്ടാകുകയുള്ളൂ

-വി.എസ്.മഹേഷ്, സെക്രട്ടറി, അത്തിത്തറ റസിഡന്റ്സ് അസോസിയേഷൻ