ആലപ്പുഴ: ജറുസലേമിലേയ്ക്കുള്ള യേശുക്രിസ്തുവിന്റെ പ്രവേശനത്തിന്റെ ഓർമ്മകളുണർത്തിയുള്ള ഓശാന തിരുന്നാൾ വിശ്വാസികൾ ഭക്തിപൂർവം ആചരിച്ചു. തീർത്ഥാടനകേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ നടന്ന ഓശാന തിരുന്നാൾ തീർത്ഥാടക ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. പൂങ്കാവ് സ്‌കൂൾ ഗ്രൗണ്ടിലാണ് കുരുത്തോല വെഞ്ചരിപ്പ് നടന്നത്. തുടർന്ന് വെഞ്ചരിച്ച കുരുത്തോലകളുമേന്തി ആയിരക്കണക്കിനു വിശ്വാസികൾ, ദാവീദ് പുത്രന് ഓശാന പാടി, പള്ളിയിലേക്ക് പ്രദക്ഷിണമായി നീങ്ങി. പള്ളിമൈതാനത്ത് ഒരുക്കിയിട്ടുള്ള പന്തലിലാണ് ഓശാന തിരുക്കർമ്മങ്ങൾ നടന്നത്. വികാരി ഫാ.സേവ്യർ ചിറമേൽ മുഖ്യകാർമ്മികനായി. ഫാ.ആന്റണി കാനപ്പള്ളി വചനസന്ദേശം നൽകി. വൈകിട്ട് ചെട്ടികാടു കുടപ്പുറത്തു നിന്ന് പള്ളിയിലേക്ക് പരിഹാരപ്രദക്ഷിണവും നടന്നു.

തീർത്ഥാടന കേന്ദ്രങ്ങളായ ആലപ്പുഴ പഴവങ്ങാടി മാർസ്ലീവാ ഫൊറോന പള്ളി, തുമ്പോളി പള്ളി എന്നിവിടങ്ങളിലും ഓശാന തിരുന്നാളിന് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇനിയുള്ള ഒരാഴ്ച്ചക്കാലം ദേവാലയങ്ങളിൽ വിവിധ തിരുക്കർമ്മങ്ങൾ നടക്കും. 31ന് ഈസ്റ്റർ ആഘോഷത്തോടെയാണ് വിശുദ്ധവാര തിരുക്കർമ്മങ്ങൾ സമാപിക്കും.