ആലപ്പുഴ : വോട്ടർമാർ ബൂത്തിലെത്താൻ ഒരുമാസം ശേഷിക്കെ, നാടിളക്കിയുള്ള പ്രചാരണത്തിനൊപ്പം സൈബറിടത്തിലും പോര് മുറുകിത്തുടങ്ങി. വാട്ട്സാപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകൾക്കും സ്റ്റോറികൾക്കും പുറമേ ഇൻസ്റ്റഗ്രാം വീഡിയോകളും വഴി പരമാവധി വോട്ടർമാരിലേക്ക് സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യം എത്തിക്കാനാണ് സൈബർ പോരാളികളുടെ ലക്ഷ്യം.
പി.ആർ ഏജൻസികളാണ് സ്ഥാനാർത്ഥികൾക്കുള്ള പ്രചരണ വീഡിയോകൾ തയാറാക്കുന്നത്. ഓരോ ദിനങ്ങളുടെയും പ്രാധാന്യം അനുസരിച്ച് ഗാനങ്ങൾ കോർത്തിണക്കി വീഡിയോകൾ പ്രചരിപ്പിക്കും. ഇന്നലെ ഓശാന ഞായറായിരുന്നതിനാൽ ക്രിസ്തീയ ദേവാലയങ്ങളിൽ സ്ഥാനാർത്ഥികൾ എത്തുന്ന ദൃശ്യങ്ങളും, ഭക്തിസാന്ദ്രമായ ഈണങ്ങളും കോർത്തിണക്കിയാണ് ആലപ്പുഴ മണ്ഡലം ഇടത് - വലത് സ്ഥാനാർത്ഥികളുടെ പേജുകളിൽ പ്രത്യക്ഷപ്പെട്ടത്.
ട്രോളുകൾക്കും ഡിമാൻഡ്
ട്രോളുകൾ പലതും യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സൈബർ പോരാളികൾ തുടങ്ങിയ പേജുകളിലും വർഷങ്ങൾക്ക് മുമ്പേ കളത്തിലിറങ്ങിയ പോരാളി ഷാജി, പോരാളി വാസു തുടങ്ങിയ പേജുകളിലുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇടുന്ന പോസ്റ്റുകൾ പരമാവധി ആളുകളിലെത്തിക്കുക, ഷെയറുകളുടെ എണ്ണം കൂട്ടുക എന്നിവയാണ് പി.ആർ ഏജൻസികളുടെ പ്രധാന അജണ്ടകൾ. സ്ഥാനാർത്ഥിക്കെതിരെ വരുന്ന വാർത്തകളും പോസ്റ്റുകളും കണ്ടെത്താനും സ്‌ക്വാഡുണ്ട്. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന, പ്രകടന പത്രിക തുടങ്ങിയവ നേരിട്ട് കൈമാറുന്നതിനെക്കാളും പ്രചാരമാണ് വാട്‌സ് ആപ്പിലൂടെ അയക്കുമ്പോൾ ലഭിക്കുക. രാഷ്ട്രീയ എതിരാളികൾക്കു നേരെ ട്രോളുകൾ ഇറക്കുക, നേതാക്കളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വൈറലാക്കുക എന്നിവയാണ് പോരാളിമാരുടെ പ്രധാന ജോലി. എതിരാളികളുടെ പഴയകാല പോസ്റ്റുകൾ കുത്തിപ്പൊക്കുക, നയവ്യതിയാനങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയും പ്രധാനമാണ്.
കന്നിക്കാരെ കൂടെക്കൂട്ടും
മുമ്പ് പോസ്റ്ററുകളിലും തുണി ബാനറുകളിലും ഒതുങ്ങിയിരുന്ന പ്രചരണമാണ് ഗ്രാഫിക് ഡിസൈനറെ ഉപയാഗിച്ച് സോഷ്യൽമീഡിയയിൽ കളറാക്കുന്നത്. വ്യത്യസ്തങ്ങളായ ഡിസൈനുകളിലെ പോസ്റ്ററുകൾ ഫോൺ വഴി വോട്ടറുടെ പക്കലെത്തും. പലവിധ പോസിലെ പോസ്റ്ററുകൾ അച്ചടിക്കുന്നതിന്റെ ചെലവ് ഒഴിവാക്കാനും സാധിക്കും. കന്നി വോട്ടർമാരിൽ കാര്യമായ സ്വാധീനം ചെലുത്താൻ സൈബർ പോരാളികൾക്ക് സാധിക്കും. സ്ഥാനാർത്ഥികളും പൊതുവിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.