naluthot-patam

മാന്നാർ: അപ്പർകുട്ടനാടൻ മേഖലയായ മാന്നാർ, ചെന്നിത്തല പാടശേഖരങ്ങളിൽ നെൽകൃഷിക്ക് ഭീഷണിയായി വരിനെല്ലും കവടയും. നെൽച്ചെടികൾ കതിരണിയും മുമ്പേ വരിനെല്ലുകൾ പൂത്ത് കുലച്ചിരിക്കുകയാണ്. മറ്റ് കളകൾ നശിപ്പിക്കാൻ മരുന്നുണ്ടെങ്കിലും വരിനെല്ലിന് മരുന്നില്ല.

നെല്ലിന് നൽകുന്ന വളം ഇവ വലിച്ചെടുക്കും. നെൽച്ചെടി കതിരിടുന്നതിന് മുമ്പ് വരിനെല്ല് വളർന്ന് നെല്ലിന് സൂര്യപ്രകാശം ലഭിക്കാത്ത രീതിയിലാക്കുകയും ഇതുവഴി നെല്ലിന്റെ വളർച്ച മന്ദഗതിയിലാകുകയും ചെയ്യും. ഇത് 30 ശതമാനം വരെ വിളവിൽ കുറവുണ്ടാക്കുമെന്ന് കർഷകർ പറയുന്നു.

മാന്നാർ കുരട്ടിശ്ശേരി പാടശേഖരത്തിലെ നാലുതോട്, കുടവെളളാരി എ,ബി, ഇടപുഞ്ചപടിഞ്ഞാറ്, കിഴക്ക് എന്നിവിടങ്ങളിലും ചെന്നിത്തല ഒന്നുമുതൽ ആറുവരെ ബ്ലോക്കുകളിലായി ആയിരത്തി അഞ്ഞൂറിലധികം ഏക്കർ വരുന്ന പാടശേഖരങ്ങളിലുമാണ് വരിശല്യം രൂക്ഷം. 75ദിവസമായ നെൽച്ചെടികളുടെ ഇടയിലാണ് കവടയും വരിനെല്ലും പടർന്ന് പിടിച്ച് നെല്ലിനെ മൊത്തമായി മറച്ചിരിക്കുന്നത്. വരിനെല്ലുകളെ പൂർണ്ണമായും നശിപ്പിക്കാൻ വിവിധ പദ്ധതികളുണ്ടെങ്കിലും ഒന്നും ഇവിടെ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

നെല്ലിന് ഭീഷണി, വിളവ് കുറയും

1.നെല്ലിനേക്കാൾ കൂടുതൽ വരികളാണ് ചില പാടങ്ങളിൽ കൂടുതലായുള്ളത്

2.ഈ വരിനെല്ലുകൾ നെല്ലിന് ഭീഷണിയാകുകയും വിളവ് കുറയുകയും ചെയ്യും

3.തൊഴിലാളികളെ ഉപയോഗിച്ച് ഇവ നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്

4.ഇതു മൂലം കൃഷിച്ചിലവ് ഇരട്ടിയാകുമെന്നാണ് കർഷകരുടെ സങ്കടം

കളവിത്തുകൾ കിളിർപ്പിച്ച് മരുന്നടിച്ച് കളഞ്ഞതിന് ശേഷം വെള്ളം കയറ്റി നിറച്ച് രണ്ടാമത് വിതയ്ക്കാൻ കഴിയണം. കൃഷി ഇറക്കാൻ താമസിക്കുന്നത് മൂലം അതിനു കഴിയാത്തതാണ് വരിനെല്ലിന്റെയും കവടയുടെയും ശല്യം രൂക്ഷമാകാൻ കാരണം. മൂപ്പ് കുറഞ്ഞ മണിരത്നം പോലെയുള്ള വിത്തുകൾ ഉപയോഗിച്ചാൽ വരിനെല്ല് പൂർണ്ണമായും ഒഴിവാക്കാൻ കഴിയും

-ഹരിദാസ് കിം കോട്ടേജ്, നാലുതോട് പാടശേഖര സമിതി പ്രസിഡന്റ്