ആലപ്പുഴ: വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച ഓശാന ഞായറാഴ്ചയിൽ ദേവാലയങ്ങൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലും എൽ.ഡി.എഫിലെ എ.എം.ആരിഫും. ഇന്നലെ രാവിലെ മുതൽ വിവിധ ദേവാലയങ്ങളിൽ നടന്ന ചടങ്ങുകളിൽ ഇരുവരും പങ്കെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചും പ്രധാന വ്യക്തികളെ കണ്ടും വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു.
രാവിലെ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിലെ ചടങ്ങുകളിലാണ് കെ.സി.വേണുഗോപാൽ ആദ്യം പങ്കെടുത്തത്. വളഞ്ഞവഴിയിൽ നടന്ന പൊതുസമ്മേളനത്തിലും ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന്റെ പ്രകാശനച്ചടങ്ങിലും പങ്കെടുത്ത ശേഷം കായംകുളം നിയോജക മണ്ഡലത്തിൽ റോഡ് ഷോയും നടത്തി. അരൂർ നിയോജക മണ്ഡലം കൺവെൻഷൻ തുറവൂർ ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
ഇന്നലെ രാവിലെ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച എ.എം.ആരിഫ് പ്രാർത്ഥനകളിൽ പങ്കെടുത്ത വിശ്വാസികളിൽ നിന്ന് അനുഗ്രഹം തേടി. ഹരിപ്പാട് നഗരീപുരേശൻ ഗാനത്തിന്റെ പ്രകാശനം നിർവഹിച്ചു. ശാന്തിഗിരി ആശ്രമവും സന്ദർശിച്ചു. വിവിധ മേഖലകളിലെ തൊഴിലാളികൾ,യുവജനങ്ങൾ, വ്യാപാരികൾ തുടങ്ങിയവരെ കണ്ടു. ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിലെ പൂരംവേലതുള്ളലിലും പങ്കെടുത്തു. ഇന്ന് ചേർത്തല മണ്ഡലത്തിൽ രാവിലെ 8ന് ആരിഫിന്റെ പര്യടനം ആരംഭിക്കും.
രാവിലെ ശാന്തിഗിരി ആശ്രമത്തിൽ എത്തി അനുഗ്രഹം നേടിയ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഹരിപ്പാട് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി പൗരപ്രമുഖരെയും വിവിധ സാമുദായിക സംഘടനാ നേതാക്കളെയും തൊഴിലാളികളെയും യുവജനങ്ങളെയും കണ്ടു. വൈകിട്ട് ചേർത്തലയിൽ റോഡ് ഷോയോടെയാണ് ഇന്നലത്തെ പ്രചാരണം സമാപിച്ചത്. ഇന്ന് അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളിൽ പ്രധാന വ്യക്തികളെ സന്ദർശിക്കും. വൈകിട്ട് ആലപ്പുഴയിൽ പാർലമെന്റ് മണ്ഡലംതല കൺവെൻഷനിൽ പങ്കെടുക്കും.