ചേർത്തല: ചേർത്തല ശ്രീകാർത്ത്യായനി ദേവീക്ഷേത്രത്തിലെ പൂരം വേലതുള്ളൽ ഭക്തിസാന്ദ്രമായി. പൂരംവേലതുള്ളൽ ദിനമായ ഇന്നലെ രാവിലെ മുതൽ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. വൈകിട്ട് തെക്കേ തെരുവിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പൂരംവേലതുള്ളലിൽ നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്. തുടർന്ന് ദേവീനടയിൽ അന്നംകുമ്പിടിക്കൽ നടന്നു.വേല തുള്ളലിന് അകമ്പടിയായി ഗംഭീര കരിമരുന്നു പ്രയോഗവും ഭക്തി ഗാനമേളയും തുടർന്ന് പള്ളിവേട്ടയും നടന്നു.പുലർച്ചെ ചൂട്ടുപടയണിയും നടന്നു. ഉത്ര ആറാട്ട് ഉത്സവ ദിനമായ ഇന്ന് രാവിലെ 7ന് പള്ളിയുണർത്തൽ, 12.30ന് പ്രസാദം ഊട്ട്, വൈകിട്ട 3ന് പറയ്‌ക്കെഴുന്നള്ളിപ്പ്, 3.15 നും 4നും തിരുവാതിരകളി, 5ന് ഭക്തിഗാനമേള, 7ന് കൊടിയിറക്ക്, ആറാട്ടുപുറപ്പാട്(പള്ളിക്കുളം), 7.15ന് നാദസ്വരക്കച്ചേരി, 8ന് സംഗീത സദസ്. തുടർന്ന് ആറാട്ടുവരവ്,എതിരേൽപ്പ്, പുലർച്ചെ 3ന് വലിയകാണിക്ക, വെടിക്കെട്ട് എന്നിവ നടക്കും.