ആലപ്പുഴ : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് ഇന്നലെ മാവേലിക്കര മണ്ഡലത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ നടത്തിയത്.
ഓശാന ഞായർ ദിനത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു.
ചങ്ങനാശ്ശേരി രൂപതയിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ സെന്റ് മേരിസ് പള്ളിയിൽ നിന്നാണ് സന്ദർശനം ആരംഭിച്ചത്. കുട്ടനാട് ഉൾപ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളിലെ പള്ളികളിൽ ഓശാന തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം ഉച്ചഭക്ഷണത്തിലും പങ്കുകൊണ്ടു. കൈനടി ചെറുകര ജ്ഞാനേശ്വര ശ്രീമഹാദേവക്ഷേത്രം, കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രം,
കാവാലം ലിസ്യു ചർച്ച്, കാവാലം വടക്ക് ശ്രീനാരായണ പ്രാർത്ഥനാലയം എന്നിവിടങ്ങളും സന്ദർശിച്ചു. വൈകിട്ട് പായിപ്പാട് മുസ്ലിം പുത്തൻപള്ളി ജമാമസ്ജിദിൽ നോമ്പ് തുറ ചടങ്ങിലും പങ്കെടുത്തു. ഇന്ന് ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലാണ് പര്യടനം.
എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല ഇന്നലെ ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും സന്ദർശിച്ചു. വിവാഹ ചടങ്ങുകളിലും പങ്കെടുത്തു. ഓശാന ഞായറിൽ വള്ളികുന്നം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ വിശ്വാസികൾക്കൊപ്പം അന്നദാനത്തിൽ പങ്കുകൊണ്ടു. ആദിപരാശക്തി ആശ്രമത്തിൽ ദർശനം നടത്തി അനുഗ്രഹം തേടി. എസ്.എൻ.ഡി.പി യോഗം, കെ.പി.എം.എസ് നേതാക്കളെയും സന്ദർശിച്ചു. കുന്നത്തൂർ മണ്ഡലം റോഡ് ഷോ പുത്തൂരിൽ നിന്ന് ആരംഭിച്ച് ചക്കുവള്ളിയിൽ സമാപിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എ.അരുൺകുമാർ ഇന്നലെ രാവിലെ ചങ്ങനാശേരി മണ്ഡലത്തിലും ഉച്ചക്ക് ശേഷം ചെങ്ങന്നൂർ മണ്ഡലത്തിലും പ്രചാരണം നടത്തി. വിവിധ സ്ഥാപനങ്ങളിലും കടകമ്പോളങ്ങളിലും എത്തിയ സ്ഥാനാർത്ഥി വ്യക്തികളെയും സന്ദർശിച്ചു. രാവിലെ വിവിധ ക്രൈസ്തവ ദേവലയങ്ങളിൽ എത്തി വിശ്വാസികളുടെ അനുഗ്രഹം തേടി. അമരപുരത്തെ പി.ആർ.ഡി.എസ് ഗുരുമന്ദിരത്തിൽ പ്രാർത്ഥനയിലും ഉച്ചഭക്ഷണത്തിലും പങ്കെടുത്തു. തുടർന്ന് ചെങ്ങന്നൂർ മണ്ഡലത്തിലെ കുടുംബയോഗങ്ങളിലും പങ്കുകൊണ്ടു..