ആലപ്പുഴ : ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണത്തിന് തടസമായി മാറിയ ഹൈപവർ വൈദ്യുതി ലൈൻ ഉയർത്തുന്ന നടപടികൾ വീണ്ടും വൈകും. ടവർ സ്ഥാപിക്കുന്ന നിലത്തിന്റെ ഉടമ നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്, കളക്ടർക്കും വൈദ്യുതി ബോർഡിനുമെതിരെ നൽകിയ കേസിനെത്തുടർന്ന് ഹൈക്കോടതി സ്റ്റേ അനുവദിച്ചതാണ് വൈദ്യുതി ലൈൻ ഉയർത്തുന്ന ജോലികൾ വൈകാൻ കാരണം.
സ്റ്റേ ഒഴിവാക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടവും വൈദ്യുതി ബോർഡും ആരംഭിച്ചു. കേസ് അടുത്തമാസം ഹൈക്കോടതി വീണ്ടും പരിഗണിക്കും. പണ്ടാരക്കളം മേൽപ്പാലം ഭാഗത്തെ നിർമ്മാണത്തിന് തടസമായി നിൽക്കുന്ന ഹൈപവർ വൈദ്യുതി ലൈൻ ഉയർത്താൻ കെ.എസ്.ടി.പിയും വൈദ്യുതി ബോർഡും ആറുമാസം മുമ്പ് ധാരണയിലായിരുന്നു.
നിലവിലുള്ള വൈദ്യുതി ലൈൻ മേൽപ്പാലവുമായി നിശ്ചിത അകലം ഇല്ലാത്തതിനാൽ അപകട സാദ്ധ്യത കണക്കിലെടുത്താണ് പുതിയ ഹൈടെൻഷൻ ടവർ സ്ഥാപിക്കുന്നത്. 2.70 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. വൈദ്യുതി ട്രാൻസ്മിഷൻ വിഭാഗത്തിന് കെ.എസ്.ടി.പിയാണ് പണം നൽകുക. നിലവിൽ പാലത്തിൽ നിന്ന് നാലുമീറ്റർ ഉയരം മാത്രമാണ് ഹൈടെൻഷൻ ലൈനിനുള്ളത്. ഇതുമൂലം ഒരുവർഷമായി മേൽപ്പാലത്തിന്റെ നിർമാണം മന്ദഗതിയിലായിരുന്നു.
പുതിയ ടവറിന് വേണ്ടത് രണ്ട് മാസം
1.പണ്ടാരക്കളം മേൽപ്പാലത്തിന്റെ മദ്ധ്യഭാഗത്ത് കൂടിയാണ് ഹൈടെൻഷൻ ലൈൻ കടന്നുപോകുന്നത്
2.ലൈൻ താഴ്ന്ന് കിടക്കുന്നതിനാൽ ക്രെയിൻ ഉപയോഗിച്ച് ഗർഡർ സ്ഥാപിക്കാൻ കഴിയില്ല
3.നിലവിൽ മേൽപ്പാലത്തിന്റെ ഇരുവശത്തും പാടത്തിന് നടുവിലാണ് ടവറുകൾ ഉള്ളത്
4.പാലത്തിനോട് ചേർന്ന് വടക്കുഭാഗത്ത് പുതിയടവർ നിർമ്മിച്ചശേഷം പഴയ ടവർ പൊളിച്ചുനീക്കും
5.പുതിയ ടവർ സ്ഥാപിച്ച് ലൈൻ കണക്ട് ചെയ്യുന്നതിന് രണ്ട് മാസം വേണ്ടിവരും
6.പാലത്തിന്റെ തെക്കുഭാഗത്തെ ടവറിലും അറ്റകുറ്റപ്പണി വേണ്ടിവരും
പുതിയ ഹൈടെൻഷൻ ടവർ
നിലവിലെ ടവറിനേക്കാൾ 5മീറ്റർ ഉയരം
ചെലവ്: 2.70 കോടി രൂപ
'വൈദ്യുതി ലൈൻ ഉയർത്തുന്ന ജോലികൾ പൂർത്തീകരിച്ചാൽ മാത്രമേ മേൽപ്പാലത്തിന്റെ ശേഷിച്ച ജോലികൾ ആരംഭിക്കാൻ കഴിയൂ. ടവർ സ്ഥാപിക്കുന്ന സ്ഥലം ഉടമ നൽകിയ കേസാണ് വിനയായിട്ടുള്ളത്.
അസി.എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ടി.പി