ആലപ്പുഴ: സ്ത്രീകളിലെ സ്‌തനാർബുദനിർണയത്തിനുള്ള സർക്കാർ സംവിധാനം മുടങ്ങിയതോടെ സാധാരണക്കാരെ ചൂഷണം ചെയ്ത് സ്വകാര്യമേഖല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 750 ചെയ്തിരുന്ന പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ ഈടാക്കുന്നത് 1900 രൂപ. ശസ്ത്രക്രിയക്ക് വിധേയരായി ഒരു സ്തനം നീക്കം ചെയ്തവർക്ക് ഒരു വശത്തെ മാത്രം പരിശോധനയ്ക്ക് 1300 രൂപ അടയ്ക്കണം. ക്യാൻസർ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുടങ്ങിപ്പോയ മാമോഗ്രാം പരിശോധന പുനരാരംഭിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. സാങ്കേതിക തകരാർ കാരണം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാമോഗ്രാം യന്ത്രം പ്രവർത്തനരഹിതമായിട്ട് വർഷം മൂന്നായി. വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ കാലാവധിയും അവസാനിച്ചു. പുതിയ ഡിജിറ്റൽ യന്ത്രത്തിന് മൂന്ന് കോടി രൂപയോളം രൂപ ആവശ്യമാണ്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മിതമായ നിരക്കിൽ പരിശോധന നടത്തേണ്ട നൂറുകണക്കിന് സ്ത്രീകളാണ് ഇക്കാലയളവിൽ സ്വകാര്യ ലാബുകളുടെ ചൂഷണത്തിന് ഇരയായത്.
മെഡി. കോളേജിൽ പരിശോധന നിലച്ചിട്ട് മൂന്ന് വർഷം
1.മാമോഗ്രാം പരിശോധനയ്ക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെന്നതും സ്തനാർബുദത്തെ കുറിച്ചുള്ള ബോധവത്ക്കരണം ശക്തമായതും ധാരാളം പേർ ടെസ്റ്റിന് സ്വയം വിധേയരാകാൻ എത്തുന്നുണ്ട്
2. പാവപ്പെട്ടവർക്ക് താങ്ങാൻ കഴിയാത്ത നിരക്ക് കാരണം പരിശോധന വേണ്ടെന്നുവച്ച് മടങ്ങുന്നവരും നിരവധിയാണ്
മെഡി. കോളേജ്
നിരക്ക്: ₹750
രോഗികൾ : 120 പേർ
(മാസത്തിൽ)
സ്വകാര്യ ലാബ്
നിരക്ക്: ₹1900
(ഇരുവശങ്ങളും)
ഒരുവശം: ₹1300
(ശസ്ത്രക്രിയ കഴിഞ്ഞവർക്ക്)
അപേക്ഷിച്ചിട്ടും കാര്യമില്ല
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അർബുദ ചികിത്സാവിഭാഗത്തിൽ ഡോ.ടി.എൻ.സീമ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് 2015ൽ മാമോഗ്രാം യന്ത്രം വാങ്ങി സ്ഥാപിച്ചത്. മൂന്ന് വർഷം മുമ്പ് തകാരാറിനെ തുടർന്ന് യന്ത്രം നിലച്ചു. പുതിയ യന്ത്രത്തിന് വേണ്ടി ജനകീയ ജാഗ്രതാസമിതി നിരവധി പരാതികളും അപേക്ഷകളും സമർപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല.
അർബുദമെന്ന് സംശയം തോന്നി പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗകര്യമില്ലെന്ന് അറിഞ്ഞത്. സ്വകാര്യ ലാബിലെ നിരക്ക് താങ്ങാനാവുന്നതല്ല. അതിനാൽ പരിശോധന നടത്തിയില്ല
- ആലപ്പുഴക്കാരിയായ യുവതി