ആലപ്പുഴ: സംസ്ഥാനത്ത് കേബിൾ കുരുക്കിൽപ്പെട്ട അപകടങ്ങൾ തുടർക്കഥയാകുമ്പോഴും, നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭീഷണി ഉയർത്തി കേബിളുകൾ. അമ്പലപ്പുഴ കാക്കാഴം പാലം മുതൽ ആലപ്പുഴ നഗരം വരെ നിരവധി ഭാഗങ്ങളിലാണ് ദേശീയപാതയോട് ചേർന്ന് കേബിളുകൾ താഴ്ന്നുകിടക്കുന്നത്. എന്നാൽ കേബിളുകൾ ഉയർത്തി സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കാത്തതാണ് ജനങ്ങൾക്ക് തലവേദനയാകുന്നത്. ഉയരമുള്ള വാഹനങ്ങളിൽ തട്ടി കേബിളുകൾ പൊട്ടാനും കാൽനടയാത്രക്കാരോ, ഇരുചക്ര വാഹന യാത്രികരോ അപകടത്തിൽപ്പെടാനും സാദ്ധ്യത ഏറെയാണ്. മുമ്പ് ഏതാനും അപകടങ്ങളുടെ പശ്ചാത്തലത്തിൽ കേബിളുകൾ പൊക്കി സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയും കേബിൾ ഓപ്പറേറ്റർമാരും രംഗത്തിറങ്ങിയിരുന്നെങ്കിലും നടപടി ഏങ്ങുമെത്തിയില്ല. പല നടപ്പാതകളിലും സഞ്ചാരികളുടെ കഴുത്തിൽ ഉടക്കും വിധമാണ് കേബിളുകൾ താഴ്ന്നു കിടക്കുന്നത്. പല സ്ഥലത്തും കേബിൽ ഉയർത്തികെട്ടേണ്ട ഉത്തരവാദിത്തം പല വകുപ്പുകളും പരസ്പരം തള്ളി മാറ്റുകയാണ്. കെ.എസ്.ഇ.ബിയും കേബിൾ ഓപ്പറേറ്റർമാരും നഗരസഭയും ഇത്തരത്തിൽ കൈ കഴുകുന്നത് മൂലമാണ് പല ഭാഗത്തും കേബിളുകൾ അപകടകരമായി നിലനിൽക്കുന്നത്.
........
കാക്കാഴം പാലം മുതൽ ആലപ്പുഴ നഗരം വരെ
''പല തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയ വിഷയമാണ്. കേബിൾ പൊക്കി കെട്ടുന്നതിന് പകരം പലരും താഴ്ന്നു കിടക്കുന്ന കേബിൾ കാണുവാനായി അതിൽ കുപ്പി കെട്ടി തൂക്കുകയാണ്.
രാജേന്ദ്രൻ, ജില്ലാ കോടതി വാർഡ്
.....
''നടപ്പാതകളിലെ തൂണുകളിൽ വലിച്ചുകെട്ടിയിരിക്കുന്ന കേബിൾ ആരുടെയെങ്കിലും ജീവനെടുക്കുന്ന അപകടത്തിന് വഴി വെയ്ക്കുമ്പോഴേ അധികാരികൾ ഉണരൂ.
കാർത്തിക, ആലപ്പുഴ