ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്, എൻ.ഡി.എ സ്ഥാനാർത്ഥി ബൈജുകലാശാല മണ്ഡല പര്യടനത്തിലും റോഡ് ഷോയിലും സജീവമായ ദിനമായിരുന്നു ഇന്നലെ. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാർ

ആലപ്പുഴ ബാർ അസോസിയേഷനിലെ അഭിഭാഷകരോട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു.

ചെങ്ങന്നൂർ, മാവേലിക്കര നിയമസഭ മണ്ഡലങ്ങളിൽ പര്യടനവും പത്തനാപുരം മണ്ഡലത്തിൽ റോഡ്ഷോയിലുമായിരുന്നു യു.ഡി.എഫിലെ കൊടിക്കുന്നിൽ സുരേഷ്. പ്രചാരണത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചു. രാവിലെ മലങ്കര മാർത്തോമാ സഭയുടെ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനം മെത്രാപ്പോലീത്ത ഡോ.യുയാക്കിം മാർ കുറിലോസ് തിരുമേനിയുടെ അനുഗ്രഹം വാങ്ങിയാണ് പ്രചരണം ആരംഭിച്ചത്. കാടുവെട്ടൂർ സെന്റ് മേരീസ് പള്ളിയിലെ പെരുന്നാളിൽ ഏർപ്പെടുത്തിയ മെറിറ്റ് സ്‌കോളർഷിപ്പും ജീവകാരുണ്യ സഹായവും സ്ഥാനാർത്ഥി വിതരണം ചെയ്തു. തുടർന്ന് ഗായക സംഘത്തോടൊപ്പം ഭക്തിഗാനം ആലപിച്ചു. തുടർന്ന് ഇരമല്ലിക്കര ശ്രീഅയ്യപ്പ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, ഐ.ടി.ഐ എന്നിവിടങ്ങളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും സന്ദർശിച്ചു. മാവേലിക്കരതിൽ വിവിധ പ്രദേശങ്ങളിലും സന്ദർശനം നടത്തി.

എ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല ഇന്നലെ ശാസ്താകോട്ട മണ്ഡലത്തിൽ ജനസമ്പർക്കവും പത്താനാപുരം മണ്ഡലത്തിൽ റോഡ്ഷോയിലും പങ്കെടുത്തു. വ്യക്തികൾ, സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ ,​ തൊഴിലാളികൾ എന്നിവരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് റോഡ് ഷോ പത്തനാപുരം കല്ലുംകടവ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പള്ളിമുക്ക്, മഞ്ചല്ലൂർ വഴി പത്തനാപുരം ടൗണിൽ സമാപിച്ചു. ഇന്ന് കുന്നിക്കോട് സമ്പർക്കവും ശാസ്താംകോട്ടയിൽ റോഡ്ഷോയുംനടക്കും.

എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാർ മണ്ഡലത്തിൽ പരസ്യ പ്രചരണത്തിലില്ലായിരുന്നു. എ.ഐ.വൈ.എഫിന്റെ സമരത്തിൽ പങ്കെടുത്ത കേസിൽ പ്രതിയായ അരുൺകുമാറിന് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ജാമ്യം അനുവദിച്ചു. തുടർന്ന് ആലപ്പുഴബാർ അസോസിയേഷനിലും അഭിഭാഷകരോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിഭാരവാഹികളുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് കൈമാറി. ഇന്ന് കുട്ടനാട് മണ്ഡലത്തിലെ ഒന്നാംഘട്ട സ്വീകരണ പര്യടനം നടക്കും. കുട്ടനാട്ടിലെ രാവിലെ 7.30ന് മേൽപ്പാടം കരിക്കാാട് തെക്കേതിൽ നിന്ന് ആരംഭിച്ച് വൈകിട്ട് പൗരസമിതി ജംഗ്ഷനിൽ പര്യടനം സമാപിക്കും.