ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട മേറ്റുമാർക്ക് പരിശീലനം നൽകി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസ കാലയളവിലാണ് പരിശീലനം സംഘടിപ്പിച്ചത്. ഏകദിന ഓറിയന്റേഷനും ത്രിദിന സാങ്കേതിക പരിശീലനവും ഉൾപ്പെടെ ഒരു മേറ്റിന് നാലു ദിവസത്തെ പരിശീലനമാണ് ലഭിച്ചത്. ആറ് ഗ്രാമപഞ്ചായത്തുകളിൽ നിന്നുമായി ആകെ 506 പേർ പരിശീലനത്തിൽ പങ്കെടുത്തു. നിർദ്ദിഷ്ട യോഗ്യതകൾക്കനുസൃതമായി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളാണ് മേറ്റുമാരെ തിരഞ്ഞെടുത്തത്.