
മാന്നാർ: 2023 -24 പദ്ധതിയിൽ ഉൾപ്പെടുത്തി മാന്നാർ ഗ്രാമപഞ്ചായത്തിൽ തെരുവ് നായ്ക്കൾക്കുള്ള ഊർജ്ജിത പേവിഷ പ്രതിരോധ വാക്സിനേഷൻ പദ്ധതി നടപ്പിലാക്കി. എല്ലാ വാർഡിലെയും മെമ്പർമാർ നിർദ്ദേശിച്ചതിൻപ്രകാരം തെരുവുനായ്ക്കൾ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദീകരിച്ച്, ചേർത്തലയിൽ നിന്നെത്തിയ പരിശീലനം ലഭിച്ച മൂന്നു പേരടങ്ങിയ ടീമാണ് വാക്സിനേഷൻ നൽകിയത്. സ്കൂളുകൾ, ആരാധനാലയങ്ങൾ, പൊലീസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുടെ പരിസരപ്രദേശങ്ങളിലായി നൂറോളം നായ്ക്കൾക്ക് വാക്സിനേഷൻ നൽകി. കുത്തിവയ്പ് എടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേകം പെയിന്റ് ഉപയോഗിച്ച് മാർക്ക് ചെയ്താണ് വിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് സലീന നൗഷാദ്, ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരയ്ക്കൽ, ഡോ. അമ്പിളി, ഉദ്യോഗസ്ഥരായ ശ്രീകുമാരി, അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.