
മാന്നാർ : ബുധനൂരിൽ തരിശ് കിടന്ന പാടശേഖരത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ബുധനൂർ ഗ്രാമപഞ്ചായത്തിലെ തയ്യൂർ ഭാഗത്ത് 15 ഏക്കറോളം വരുന്ന മുണ്ടകം പാടത്തിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പാടത്ത് തീപടരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചെങ്ങന്നൂരിൽ നിന്ന് മാവേലിക്കരയിൽ നിന്നുമുള്ള അഗ്നിരക്ഷാസേനകൾ എത്തിയെങ്കിലും തീ പടർന്ന ഭാഗത്തേക്ക് അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് എത്തിച്ചേരാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് തടസമായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ രണ്ടര മണിക്കൂർ സമയമെടുത്താണ് അഗ്നിരക്ഷാ സേന തീ നിയന്ത്രണവിധേയമാക്കിയത്. നിരവധി വീടുകൾ സമീപത്തുളള പാടത്തിലെ തീ പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം അണച്ചത് വലിയ ദുരന്തത്തിൽ നിന്ന് നാടിനെ രക്ഷിച്ചു.