ആലപ്പുഴ: ആലപ്പുഴയുടെ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കുന്ന ബൃഹത് പദ്ധതിയായ മൊബിലിറ്റി ഹബ്ബിന്റെ പരിഷ്ക്കരിച്ച രൂപരേഖ അംഗീകാരത്തിനായി ആലപ്പുഴ നഗരസഭയിൽ സമ‌ർപ്പിച്ചു. ഒട്ടേറെത്തവണ രൂപരേഖയിൽ മാറ്റം വരുത്തി, നിരവധി ചർച്ചകൾക്ക് ശേഷമാണ് അടുത്തിടെ ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷൻ പുതിയ രൂപരേഖയ്ക്ക് അംഗീകാരം നൽകിയത്.

മൊബിലിറ്റി ഹബ് യാഥാർത്ഥ്യമാകുന്ന കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോ സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ രേഖകൾ കൂടി നഗരസഭയിൽ സമർപ്പിക്കേണ്ടതുണ്ട്. പരമാവധി രണ്ടാഴ്ച്ചയ്ക്കുള്ളിൽ നഗരസഭയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. നിലവിൽ സാമ്പത്തിക, ഭരണ അനുമതികളുള്ള പദ്ധതിക്കായി പുതിയ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിയിൽ നിന്ന് ടെക്നിക്കൽ അനുമതി കൂടി വാങ്ങേണ്ടതുണ്ട്. അതിന് ശേഷം ടെൻഡറിലേക്ക് കടക്കും. പുറത്ത് നിന്ന് ആർക്കിടെക്ടിനെ നിയോഗിച്ചാണ് ഇൻകൽ പുതിയ രൂപരേഖ തയ്യാറാക്കിയത്.

കെട്ടിടത്തിന്റെ ഉയരം കൂട്ടി

 ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം കെട്ടിടത്തിന്റെ ഉയരം 27 മീറ്ററിൽ നിന്ന് 9 മീറ്ററായി കുറച്ചിരുന്നു

 ആലപ്പുഴ നഗരസഭയുടെ മാസ്റ്റർപ്ലാൻ പ്രകാരം പൈതൃക പദ്ധതി പ്രദേശത്ത് 12 മീറ്റർ വരെ ഉയരം വർദ്ധിപ്പിക്കാം

 ഇതനുസരിച്ച് പുതുക്കിയ പദ്ധതിരേഖയാണ് തത്താറാക്കിയത്

നിലവിലെ എസ്റ്റേിമേറ്റ് തുക: 129 കോടി രൂപ

വളവനാട്ടെ ഗാരേജിന് : 2.88 കോടി

മൊബിലിറ്റി ഹബ്ബിൽ

ബസ് ടെർമിനൽ, കഫ​റ്റീരിയ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഇൻഫർമേഷൻ ഡെസ്‌ക്,​

യാത്രക്കാർക്ക് താമസിക്കാൻ 40 സിംഗിൾ റൂമുകൾ, റസ്​റ്റോറന്റുകൾ, ഹെൽത്ത് ക്ലബ്, ഫുഡ് കോർട്ട് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ

നഗരസഭയുടെ അനുമതി ലഭിച്ചാലുടൻ കിഫ്ബിയുടെ നടപടികളിലേക്ക് കടക്കും. ഈ വർഷം തന്നെ മൊബിലിറ്റി ഹബിന്റെ നിർമ്മാണം തുടങ്ങാനാവും

- മോഹൻ,​ പ്രോജക്ട് ഡയറക്ടർ,​ ഇൻകെൽ