ambala

അമ്പലപ്പുഴ : ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. തൃശൂർ കേച്ചേരി ചിറനല്ലൂർ തിയോളിയിൽ പ്രദീപ് വിഹാറിൽ മുഹമ്മദ് ആഷിഖിനെയാണ് (51) സേലത്ത് നിന്ന് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. കേസിൽ 7പേർ നേരത്തേ പിടിയിലായിരുന്നു.

2022 ആഗസ്റ്റ് മുതൽ 2022 നവംബർ വരെയാണ് ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയുടെ മാനേജിംഗ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണംവാങ്ങി ജോലിയുടെ ഓഫർ ലെറ്റർ നൽകിയ ശേഷം ഉദ്യോഗാർത്ഥികളെ വിദേശത്ത് എത്തിച്ചശേഷം തിരികെ അയച്ചത്.

അമീർ മുസ്തഫ എന്ന വ്യാജപ്പേര് ഉപയോഗിച്ചാണ് പ്രതി തട്ടിപ്പു നടത്തിവന്നിരുന്നത്. വിദേശ നമ്പറിലുള്ള വാട്സാപ്പ് കോൾ വഴി ഉദ്യോഗാർത്ഥികളെ പരിചയപ്പെടുന്ന ഇയാൾ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആണെന്ന് ധരിപ്പിക്കും. ഇതിനായി വിദേശ സിം കാർഡും കൈവശം സൂക്ഷിച്ചിരുന്നു. ജസ്റ്റ് ഡയൽ പോലുള്ള ആപ്പ് ഉപയോഗിച്ച് വെബ്സൈറ്റ് വിദഗ്ദ്ധരുടെ ഫോൺ നമ്പർ കൈവശപ്പെടുത്തി പരിചയം സ്ഥാപിച്ച ശേഷം അവരുടെ സഹായത്തോടെ ഫാക്ടറിയുടെതെന്ന് തോന്നിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കി വ്യാജവിലാസവും ഫോൺ നമ്പറുകളും നൽകിയും ഫേസ്ബുക്ക് പേജുകൾ ക്രിയേറ്റ് ചെയ്തും ഇയാൾ ഉദ്യോഗാർത്ഥികൾക്കിടയിൽ വിശ്വാസ്യത നേടിയിരുന്നു. നാട്ടുകാരായ പലർക്കും കമ്പനിയിൽ ഉന്നത ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ഇയ്യാൾ ഇവർ മുഖേനയാണ് കൂടുതൽ ഇരകളെ കണ്ടെത്തിയിരുന്നത്.

എട്ടാം ക്ളാസ് വിദ്യാഭ്യാസം, യുട്യൂബിൽ 'അഭ്യാസം' പഠിച്ചു

എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ആഷിഖിന്റെ തട്ടിപ്പ് രീതി പ്രൊഫഷണൽ കുറ്റവാളികളെ പോലും വെല്ലുന്നതാണ്. വിദേശത്ത് പോയി ജോലി ചെയ്തുള്ള അനുഭവസമ്പത്തും മുതൽക്കൂട്ടായി. തട്ടിപ്പിന് മുമ്പായി ഇയ്യാൾ യൂട്യൂബ് വീഡിയോസിന്റെ സഹായത്താൽ പൊലീസിൽ നിന്ന് രക്ഷപ്പെടുവാനുള്ള മുൻകരുതുകലും മനസ്സിലാക്കിയിരുന്നു. സഹായികൾ വഴിയുള്ള പണം കൈ മാറ്റമായിരുന്നു കൂടുതലും നടത്തിവന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സ്ക്വാഡിനെ നിയോഗിച്ച് നടത്തിയ മൊബൈൽ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. തൃശൂർ സ്വദേശിയായആഷിഖ് സേലത്താണ് ഇപ്പോൾ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനു മുമ്പ് കോഴിക്കോട്, ചെന്നൈ, മാങ്ങാട്, ബാംഗ്ലൂർ തുടങ്ങിയ ഇടങ്ങളിലും താമസിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി ആഷിഖിനെ നിരീക്ഷിച്ചു വന്ന പൊലീസ് ഇയാൾ രാത്രിയിൽ വീട്ടിലേക്ക് കയറുന്ന സമയം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പ്രതി അൽ മുർത്തസ എന്ന ഹൈപ്പർ മാർക്കറ്റിന്റെ പേരിൽ തട്ടിപ്പ് നടത്താനായി നീക്കങ്ങൾ ആരംഭിച്ചിരുന്നതായി മനസിലായി. ഇയ്യാൾ പേൾസ് ഗ്രൂപ്പ് ഹോട്ടൽ, അൽഹദീർ ഹൈപ്പർ മാർക്കറ്റ് എന്നീ സ്ഥാപനങ്ങളുടെയും പേര് ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായും പൊലീസ് സംശയിക്കുന്നു. ആഷിഖിനെതിരെ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ആറ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പുന്നപ്ര എസ്.എച്ച്.ഒ നിർമ്മൽ ബോസ്, എസ്.ഐ വി.എൽ. ആനന്ദ് , എ.എസ്.ഐ അനസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹരി,അജിത്ത്, സി.പി.ഒമാരായ വിനിൽ, സിദ്ധിഖ് എന്നിവരടങ്ങുന്ന സ്പെഷ്യൽ സ്കോഡാണ് പ്രതിയെ പിടികൂടിയത്.