ആലപ്പുഴ: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമ്മാണാനുമതിക്ക് വേണ്ടിയുള്ള പ്ലാൻവരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഇന്ന് നഗരസഭകളിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തും. നിർമ്മാണ വസ്തുക്കളുടെ അനിയന്ത്റിതമായ വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കാരണം നിർമ്മാണ മേഖല പ്രതിസന്ധിയിലാണ്.
എംപാനൽ ചെയ്ത ലൈസൻസികൾ കുറവാണെങ്കിൽ റഗുലർ ലൈസൻസികൾക്ക് എല്ലാവിധ പ്ലാനുകളും വരക്കാനുള്ള അനുവാദം നൽകുന്നതിന് പകരം കുടുംബശ്രീകളെ ആശ്രയിക്കുന്നത് ഗുണനിലവാരവും സുരക്ഷിതത്വവും ഇല്ലാതാക്കുന്നതിനൊപ്പം ലക്ഷക്കണക്കിന് ലൈസൻസ്ഡ് എൻജിനിയർമാരുടെ തൊഴിൽ നഷ്ടമാകുകയും ചെയ്യുമെന്ന് ലെൻസ് ഫെഡ് ഭാരവാഹികൾ പറഞ്ഞു.