ആലപ്പുഴ: പരീക്ഷാക്കാലം കഴിഞ്ഞതോടെ കുട്ടികൾ വലിയ ആശ്വാസത്തിലാണ്. ഇനി രണ്ട് മാസം

സ്കൂളിന്റെ പടിചവിട്ടണ്ടല്ലോ. എന്നാൽ,​ ചില വീട്ടുകാർക്കെങ്കിലും ഈ അവധിക്കാലം ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. കുടുംബത്തിൽ ധാരാളം അംഗങ്ങളും അയലത്ത് കൂട്ടുകാരുമെല്ലാം ഉണ്ടായിരുന്ന കാലത്ത് അവധിക്കാലം ആഘോഷമായിരുന്നു. എന്നാൽ,​ ഒന്നോരണ്ടോ കുട്ടികളുള്ള കുടുംബത്തിൽ,​ കുട്ടികളെ പുറത്ത് കളിക്കാൻ പോലും വിടാൻ പറ്റാത്ത സാഹചര്യത്തിൽ അവരുടെ അവധിക്കാലമത്രയും നാല് ചുമരിനുള്ളിലോ ഗേറ്റ് അടച്ചിട്ട മുറ്റത്തോ ഒതുങ്ങിതീരാറാണ് പതിവ്. ഇതിനൊരു ആശ്വാസമാണ് അവധിക്കാല ക്ളാസുകൾ.

രണ്ടാഴ്ച മുതൽ ഒന്നര മാസം വരെ നീണ്ടുനിൽക്കുന്ന വിവിധ ക്യാമ്പുകളുടെ പണിപ്പുരയിലാണ് പലരും. പണ്ട്,​ കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തിൽ ആരംഭിച്ച കുരുന്നുകൂട്ടം മുതൽ മഞ്ചാടിക്കൂട്ടം, കുട്ടിക്കൂട്ടം, മാമ്പഴക്കൂട്ടം, വേനൽക്കൂട്ടം, കളിയരങ്ങ്, കളിവീട് എന്നിങ്ങനെ കുട്ടിക്കൂട്ടങ്ങളുടെ ലിസ്റ്റ് വലുതാണ്. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികളെ പകൽ സമയം സുരക്ഷിതമായി ഏൽപ്പിക്കാൻ ധാരാളം പേർ ഇത്തരം ക്യാമ്പുകളെ ആശ്രയിക്കുന്നുണ്ട്. സുരക്ഷിതത്വവും മാനസിക വളർച്ചയും ഉറപ്പുവരുത്താൻ ഇത്തരം കളരികൾ വഴിയൊരുക്കുമെന്നതാണ് നേട്ടം.

ചൂട് വില്ലനാകുമോ എന്ന് സംശയം

അറിവിനെക്കാൾ ഉപരികുട്ടികൾക്ക് അനുഭവങ്ങൾ സമ്മാനിക്കുന്നതാണ് പരിശീലനക്കളരികൾ. വീടിന്റെയും ക്ലാസ് മുറികളുടെയും ശ്വാസംമുട്ടലിൽ നിന്ന് മാറി മാവിൻ ചുവട്ടിലിരുന്ന് ഞാവൽപ്പഴവും മാമ്പഴവുമൊക്കെ നുണഞ്ഞ് കഥയും പാട്ടും കളികളുമൊക്കെയായി ഒരു അടിപൊളി അവധിക്കാലം. എന്നാൽ,​ ദിവസേന വർദ്ധിച്ചുവരുന്ന വേനൽ ചൂട് വലിയൊരു വില്ലനാണ്. ചൂട് പേടിച്ച് മുറിക്ക് അകത്തുതന്നെ ഇരിക്കേണ്ടിവരുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. വേനൽമഴ കിട്ടായാൽ വേനൽക്കാലത്തിന് ആശ്വാസമാകും.

#ക്യാമ്പുകളിൽ ശുദ്ധജലം ഉറപ്പുവരുത്തണം

#വെയിലത്തുള്ള കളികൾ ഒഴിവാക്കണം

#നീന്തൽ പരിശീലനം വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ മാത്രം

കളരികളിൽ

ചിത്രകല, കഥ, കവിത, നാടകം, ചർച്ചകൾ, നാടൻ പാട്ട്, വ്യക്തിത്വപരിശീലനം, ആയോധന കലകൾ, നീന്തൽ, കരകൗശല നിർമ്മാണം, അത്‌ല​റ്റിക്സ്, എയറോബിക്സ്, ബാസ്‌ക​റ്റ് ബാൾ, ക്രിക്ക​റ്റ്, ചെസ്, ഫുട്ബാൾ, ഫെൻസിംഗ്, കരാട്ടെ, കളരി, കുങ്ഫു, കിക്ക് ബോക്സിംഗ്, യോഗ, അനിമേഷൻ, ഫോട്ടോഗ്രാഫി, അഭിനയം, തയ്യൽ, സംഗീത ഉപകരണ പരിശീലനം

കുട്ടികൾക്ക് രസകരമായ അന്തരീക്ഷത്തിൽ പരിശീലനം നൽകേണ്ടത് അനിവാര്യമാണ്. സർഗവാസനകൾ പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെട്ട വ്യക്തിത്വത്തിന് ഉടമകളാക്കാനും അവധിക്കാല കളരികൾ സഹായിക്കും

- ചിക്കൂസ് ശിവൻ, ചിക്കൂസ് കളിയരങ്ങ്‌