ആലപ്പുഴ: സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കേണ്ട നിർമ്മാണങ്ങളിൽ പൂർത്തിയായത് 40 ശതമാനത്തിൽ താഴെ മാത്രം. സാമ്പത്തിക പ്രതിസന്ധിയിൽ ബില്ല് മാറികിട്ടില്ലെന്ന ആശങ്കയിൽ കരാറുകാർ ജോലികൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതാണ് കാരണം. കഴിഞ്ഞ വർഷം 100 ശതമാനം ഫണ്ട് വിനിയോഗിച്ച പഞ്ചായത്തുകൾ പോലും ഇത്തവണ പിന്നിലാണ്.
ബില്ലുകൾ സമയത്തിന് മാറിക്കിട്ടാത്തതും നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനയും താങ്ങാനാകാത്ത കൂലിയും കാരണം കരാറുകാർ ടെണ്ടർ എടുക്കാതിരുന്നതും തദ്ദേശ സ്ഥാപനങ്ങളെ അസാധാരണ പ്രതിസന്ധിലെത്തിച്ചു.
തകർന്ന റോഡുകളും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ലൈഫ് പദ്ധതിക്കായി പൊളിച്ചിട്ട
വീടുകളുമെല്ലാം ചോദ്യശരങ്ങളാക്കിയാണ് വോട്ടർമാർ സ്ഥാനാർത്ഥികളെ നേരിടുന്നത്.
അതേസമയം, അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പോലും നിലവിൽ മാറുന്നതായിട്ടാണ് ആലപ്പുഴ ജില്ലാ ട്രഷറിയിൽ നിന്ന് ലഭിക്കുന്ന വിവരം. മാർച്ച് 23വരെയുള്ള ബില്ലുകളെല്ലാം മാറിപ്പോയതായി ജില്ലാ ട്രഷറി ഓഫീസ് പറയുന്നു.
ബഹിഷ്കരിച്ചത് മേജർ വർക്കുകൾ
1.റോഡുകളുടെ റീടാറിംഗ്, മെറ്റലിംഗ്, ഓട നിർമ്മാണം, അങ്കണവാടി കെട്ടിടങ്ങളുടെയും ഹെൽത്ത് സെന്ററുകളുടെയും അറ്റകുറ്റപ്പണി എന്നിങ്ങനെ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ജോലികളാണ് ബില്ല് മാറില്ലെന്ന ആശങ്കയിൽ കരാറുകാർ ഏറ്റെടുക്കാൻ കൂട്ടാക്കാത്തത്
2. മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കേണ്ട നിർമ്മാണ ജോലികളിൽ പലതും പല തവണ ടെണ്ടർ ചെയ്തിട്ടും ആരും ഏറ്റെടുക്കാൻ മുന്നോട്ട് വന്നില്ല. നിർമ്മാണ സാമഗ്രികളുടെ തീവിലയിൽ കടം വാങ്ങിയും പലിശയ്ക്കെടുത്തും ജോലി ചെയ്തിട്ട് സമയത്തിന് ബില്ല് മാറിയില്ലെങ്കിൽ കനത്ത നഷ്ടത്തിനിടയാകും
കാലവർഷം കഠിനമാക്കും
ജില്ലയിൽ ചെറുതും വലുതുമായ 437 റോഡുകളാണ് അറ്റകുറ്റപ്പണിക്കായി നിശ്ചയിച്ചിരുന്നത്. ഇതിൽ 200നടുത്ത് മാത്രമാണ് ചെറിയതോതിലുള്ള അറ്റകുറ്റപ്പണികൾ നടന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തമുള്ള ഓട നിർമ്മാണങ്ങൾ പൂർണമായും കരാറുകാർ ബഹിഷ്കരിച്ചു. ചെറിയ ഓടകളുടെയും കലുങ്കുകളും നിർമ്മാണ പ്രവർത്തികളാണ് പൂർത്തിയാക്കിയത്. ഗ്രാമീണറോഡുകൾ മിക്കതും തകർച്ചയിലാണ്. വേനൽ മഴയും കാലവർഷവും കൂടി വരുന്നതോടെ യാത്ര അസാദ്ധ്യമാകുന്നതിനൊപ്പം ഇരട്ടിത്തുക ചെലവഴിച്ചാൽപോലും ഗതാഗത യോഗ്യമാക്കാൻ കഴിയാത്ത നിലയിലുമാകും. റോഡുകളുടെ എണ്ണം വർദ്ധിച്ചതും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും റീടാറിംഗും അറ്റകുറ്റപ്പണിയും ചട്ടപ്പടിയാക്കി.
വിലക്കയറ്റം രൂക്ഷം
(കഴിഞ്ഞ വർഷം, ഈ വർഷം)
സിമന്റ് : ₹400, 360
മെറ്റൽ: ₹55-60, 70-75 (ക്യുബിക്ക് അടി)
എംസാൻഡ് : ₹60-65, 70-75(ക്യുബിക്ക് അടി)
കമ്പി: (10എം.എം): ₹60-68, 70-74.50
മാർച്ച് 31ന് മുമ്പ് ലക്ഷ്യം വച്ച പ്രവർത്തികളിൽ നാൽപ്പത് ശതമാനമാണ് പൂർത്തീകരിക്കാനായത്. കരാറുകാർ സഹകരിക്കാത്തതാണ് പ്രശ്നം. കരാറുകാരുടെ ബില്ലുകളൊന്നും മാറാത്ത സാഹചര്യം നിലവിലില്ല. രണ്ട് കോടി രൂപയുടെ വർക്ക് ടെണ്ടർ ചെയ്തതിൽ 40 ശതമാനം പ്രവർത്തികളാണ് നടപ്പിലായത്.
- ബിജി പ്രസാദ്, പ്രസിഡന്റ് ,വള്ളികുന്നം ഗ്രാമപഞ്ചായത്ത്