
അമ്പലപ്പുഴ: ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടികയറി. താത്രികാചാര്യൻ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെയും, പുതുമന ദാമോദരൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റു കർമം നടന്നത്. ഉത്സവദിവസങ്ങളിൽ നൃത്താർച്ചന,ഗാനാമൃതം, തിരുവാതിര, നാരായണീയം, കാവ്യ സദസ്, ഭക്തിഗാനസുധ തുടങ്ങിയവ നടക്കും.ഇന്ന് രാത്രി 10 ന് അമ്പലപ്പുഴ കരക്കാർ വകയായി ഗണപതിക്കോലം എഴുന്നള്ളിപ്പും പടയണിയും നടക്കും.നാളെ രാത്രി 11ന് കരൂർ കാഞ്ഞൂർ മഠം ക്ഷേത്രത്തിൽ നിന്ന് കരൂർ കരക്കാർ വകയായി ഇരട്ട ഗരുഡനും പടയണിയും . ഉത്സവ ദിവസങ്ങളിൽ രാത്രിയിൽ തിരുമുമ്പിൽ വേല, സേവ, വിളക്കെഴുന്നെള്ളിപ്പ് എന്നിവ നടക്കും. ഏപ്രിൽ 1ന് വൈകിട്ട് തകഴി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളോടെ കുട വരവ് .രണ്ടിന് വൈകിട്ട് ആഞ്ഞിലിക്കാവ് ക്ഷേത്ര സന്നിധിയിൽ നിന്ന് കുട്ട വരവ് ചടങ്ങ് . 3 ന് ഉച്ചക്ക് ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ .നാലിന് വൈകിട്ട് ആറാട്ട് പുറപ്പാട്.